ആലപ്പുഴ എം പി കെ സി വേണുഗോപാലിന് കാർ സമ്മാനമായി നൽകി രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ വേണുഗോപാലിന് താൻ നേരത്തെ ഉപയോഗിച്ചിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറാണ് രാഹുൽ ഗാന്ധി നൽകിയത്. ഈ കാറിലാണ് കെ സി വേണുഗോപാൽ പാർലമെന്റിന്റെ ആദ്യ ദിന സമ്മേളനത്തിനെത്തിയത്. എന്നാൽ പാർട്ടി നൽകിയ ഒരു ക്രമീകരണം മാത്രമാണിതെന്നാണ് കെ സി പറയുന്നത്.
നേരത്തെ ടൊയോട്ടയുടെ എത്തിയോസ് കാറാണ് കെ സി വേണുഗോപാൽ ഉപയോഗിച്ചിരുന്നത്. പാർട്ടി ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ താൻ ഈ കാറ് ഉപയോഗിക്കുകയുള്ളൂവെന്ന് കെ സി വേണുഗോപാൽ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, പാർലമെന്റിന്റെ ആദ്യ ദിന സമ്മേളനം പുരോഗമിക്കുകയാണ്. എംപിമാരുടെ സത്യപ്രതിജ്ഞയോടെയാണ് സഭ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ നീറ്റ്, നെറ്റ് ക്രമക്കേടുകളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളമുണ്ടായി.


