കണ്ണൂർ ∙ കള്ളവോട്ട് തെളിഞ്ഞതിനെത്തുടർന്ന് റീ പോളിങ് നടന്ന ബൂത്തുകളിൽ എൽഡിഎഫിനു കനത്ത തിരിച്ചടി. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ പാമ്പുരുത്തിയിൽ പോൾചെയ്ത 1033 വോട്ടുകളിൽ 883 എണ്ണവും യുഡിഎഫ് നേടി. സിപിഎമ്മിന് 105, ബിജെപിക്ക് 3, എസ്ഡിപിഐക്ക് 29 എന്നിങ്ങനെയാണു വോട്ടുനില.
പുതിയങ്ങാടിയിലെ 69 ബൂത്തിൽ യുഡിഎഫിന് 698 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിന് 92 വോട്ട് മാത്രമാണു ലഭിച്ചത്. പുതിയങ്ങാടിയിലെതന്നെ 70 ബൂത്തിൽ യുഡിഎഫിന് 556 വോട്ടും എൽഡിഎഫിന് 80 വോട്ടുമാണുള്ളത്. കുന്നരിക്കയിലെ 53 ബൂത്തിലും എൽഡിഎഫിനു വോട്ട് കുറവാണ്. എൽഡിഎഫിന് 461 വോട്ടും യുഡിഎഫിന് 397 വോട്ടും ബിജെപിക്ക് 32 വോട്ടുമാണ് ലഭിച്ചത്. 52 ബൂത്തിൽ എൽഡിഎഫിന് 609 വോട്ട്, യുഡിഎഫിന് 312 വോട്ട്, ബിജെപിക്ക് 41 എന്നിങ്ങനെയാണു വോട്ട് നില.
കാസർകോട് ലോക്സഭാ മണ്ഡലത്തിലെ പിലാത്തറ യുപി സ്കൂൾ ബൂത്തിൽ യുഡിഎഫിനാണു ഭൂരിപക്ഷം. സിപിഎം ശക്തി കേന്ദ്രമായ പ്രദേശത്തെ ഈ ബൂത്തിൽ 43 വോട്ടിന്റെ ഭൂരിപക്ഷമാണു യുഡിഎഫിനു ലഭിച്ചത്. യുഡിഎഫിന് 445 വോട്ടും എൽഡിഎഫിന് 402 വോട്ടും എൻഡിഎക്ക് 49 വോട്ടും ലഭിച്ചു. റീപോളിങ് നടന്ന രാത്രിയിൽ യുഡിഎഫിന്റെ ബൂത്ത് ഏജന്റ്, കളളവോട്ടിനെതിരെ പരാതിപ്പെട്ട വനിതാവോട്ടർ എന്നിവരുടെ വീടുകൾക്കു നേരെ ബോംബാക്രമണമുണ്ടായിരുന്നു.

