പൊതുജനാരോഗ്യത്തെ സംരക്ഷിക്കുവാന്‍ സ്വയരക്ഷ മറന്നും കുടുംബത്തെ മറന്നും മുന്നില്‍ നിന്നു പോരാടിയ ഡോക്ടര്‍മാര്‍ക്ക് ഈ കോവിഡ് കാലഘട്ടത്തില്‍പ്പോലും ശമ്പളവും ആനുകൂല്യങ്ങളും നിഷ്കരുണം വെട്ടിക്കുറയ്ക്കുന്ന നടപടിയാണ് ശമ്പള പരിഷ്കരണ ഉത്തരവിലൂടെ നടപ്പാകുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്ഹമാമെണന്ന് കെജിഎംഒഎ.
ഡോക്ടര്‍മാര്‍ക്ക് സര്‍വ്വീസില്‍ പ്രൊമോഷനു തുല്യമായി നല്‍കിയിരുന്ന രണ്ട് ഗ്രേഡുകള്‍ ഈ ഉത്തരവിലൂടെ നിര്‍ത്തലാക്കിയിരിക്കുന്നു. മുന്‍വര്‍ഷങ്ങളിലെ ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ ഭാഗികമായെങ്കിലും പരിഹരിച്ച് 2016 ല്‍ ഒരു ഇന്‍ക്രിമെന്റിനു തുല്യമായി നല്‍കിയിരുന്ന പേഴ്സണല്‍ പേയില്‍ കുറവു വരുത്തി എന്നു മാത്രമല്ല 2019 ന് ശേഷം സ്ഥാനക്കയറ്റം ലഭിക്കുന്ന വലിയൊരു വിഭാഗത്തിന് ഇത് നിര്ത്തലാക്കിയിരിക്കുന്നെന്നും കെജിഎംഒഎ വിമര്‍ശിച്ചു.
എന്‍ട്രി തസ്തികയായ അസിസ്റ്റന്റ് സര്‍ജന്റെ ശമ്പളം 13500 രൂപയോളം വെട്ടിക്കുറച്ചത് സമാനതകളില്ലാത്ത ദുരനുഭവമാണ്. അസിസ്റ്റന്റ് സര്ജന്: സിവില്‍ സര്ജന് പ്രൊമോഷനുള്ള 3:1 അനുപാതം നിര്‍ത്തലാക്കുകയും ചെയ്തു. ഡോക്ടര്‍മാര്‍ക്ക് ലഭിക്കേണ്ട അലവന്‍സുകളില്‍ സാധാരണ പരിഷ്കരണം പോലും നല്‍കിയിട്ടില്ല എന്നു മാത്രമല്ല പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും സേവനമനുഷ്ടിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ലഭിച്ചിരുന്ന അലവന്‍സ് വലിയൊരു വിഭാഗത്തിന് നിര്‍ത്തലാക്കി.
ചാര്‍ജ് അലവന്‍സ് പൂര്‍ണമായും ഒഴിവാക്കിയതും സ്പെഷ്യല്‍ പേ പരിഷ്കരിക്കാത്തതും നീതീകരിക്കാവുന്നതല്ല. ഈ മഹാമാരി കാലത്ത് മുന്നില്‍ നിന്നു പോരാടിയ ഡോക്ടര്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത പോലെ റിസ്ക് അലവന്‍സ് നല്കുവാനോ, അധിക ഇന്‍ക്രിമെന്റ് നല്കുവാനോ തയ്യാറാകാഞ്ഞത് നിരാശാജനകമാണ്. സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയ ഈ വിഷയങ്ങളില്‍ അടിയന്തരമായി ഇടപെടല്‍ ഉണ്ടാവണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു.


