കല്‍പ്പറ്റ: മൂന്നു ദിവസമായി വയനാട്ടില്‍ ജനവാസകേന്ദ്രങ്ങളില്‍ ചുറ്റിത്തിരിയുന്ന കരടിയെ പിടികൂടാനുള്ള ശ്രമം തുടരുന്നു.
ഞായറാഴ്ച എത്തിയ കരടി പിടികൊടുക്കാതെ ജനവാസമേഖലകളിലൂടെ സഞ്ചാരം തുടരുകയാണ്.
ചൊവ്വാഴ്ച വെള്ളമുണ്ടയ്ക്കടുത്തു തരുവണ കരിങ്ങാരിയിലെ നെല്പ്പാടത്തും തോട്ടത്തിലുമായി കണ്ട കരടിയെ വനംവകുപ്പ് മയക്കുവെടി വയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇന്ന് രാവിലെ വീണ്ടും ഡാർട്ടിംഗ് സംഘം എത്തും. അവശൻ ആണെങ്കിലും കരടി അതിവേഗം ഓടി മറയുന്നതാണ് ദൗത്യസംഘത്തിന് മുന്നിലെ വെല്ലുവിളി.
പാടത്തുനിന്ന് ഓടി തോട്ടത്തിലേക്കു കയറിയ കരടിയെ ഡ്രോണ്‍ ഉപയോഗിച്ചാണ് നിരീക്ഷിക്കുന്നത്. തോട്ടത്തില്‍നിന്നു പുറത്തിറങ്ങിയാല്‍ മയക്കുവെടി വയ് ക്കാൻ വനംവകുപ്പ് ശ്രമം നടത്തുന്നുണ്ട്. സൗത്ത്-നോർത്ത് വയനാട് ഡിഎഫ്ഒമാർ സ്ഥലത്ത് ക്യാന്പ് ചെയ്ത് വേണ്ട നിർദേശങ്ങള്‍ നല്‍കുന്നുണ്ട്.
പാടത്തുകൂടി കരടി ഓടുന്നതു കണ്ടെന്നു നാട്ടുകാർ അറിയിച്ചതനുസരിച്ചാണ് വനസേന കരിങ്ങാരിയില്‍ എത്തിയത്. പാലിയാണയില്‍ കരടി പാടം മുറിച്ചുകടക്കുന്ന ദൃശ്യം പ്രദേശവാസി പകർത്തിയത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഞായറാഴ്ച രാത്രി മാനന്തവാടിക്കു സമീപം വള്ളിയൂർകാവിലാണ് കരടിയുടെ സാന്നിധ്യം ആദ്യം റിപ്പോർട്ട് ചെയ്തത്.
ഇവിടെനിന്ന് അഞ്ച് കിലോമീറ്റർ അകലെ തോണിച്ചാലില്‍ തിങ്കളാഴ്ച രാവിലെ കരടി എത്തി. വള്ളിയൂർകാവിലും തോണിച്ചാലിലും കരടിയുടെ ദൃശ്യം സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. തിങ്കളാഴ്ച അർധരാത്രിയോടെ പീച്ചങ്കോടിലെത്തിയ കരടി ക്വാറി റോഡിലെ രാജീവന്റെ വീട്ടില്‍ കയറി.
അടുക്കളയില്‍നിന്നെടുത്ത വെളിച്ചെണ്ണ നിറച്ച പ്ലാസ്റ്റിക് കുപ്പി പുറത്തെ കല്ലില്‍ അടിച്ചുപൊട്ടിക്കാൻ ശ്രമിച്ചു. ശബ്ദം കേട്ടുണർന്ന വീട്ടുകാർ ഈ രംഗം കണ്ട് ഒച്ചയിട്ടതോടെ കരടി ഇരുളില്‍ മറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് കരിങ്ങാരിയില്‍ കരടിയെ കണ്ടത്.


