കവയിത്രി സുഗതകുമാരി ടീച്ചര്‍ ഇനി കണ്ണീരോര്‍മ്മ. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ 11ഓടെ മരണം സംഭവിച്ചത്. 86 വയസായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ എത്തുമ്പോള്‍ ന്യുമോണിയയുടെ ഭാഗമായ ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. കവിയും സാമൂഹിക സാംസ്കാരിക പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്നു ടീച്ചര്‍.
കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു സുഗതകുമാരി. സൈലന്റ് വാലി പ്രക്ഷോഭം മുതല്‍ എറ്റവും ഒടുവില്‍ സൈബര്‍ ഇടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ വരെ സുഗതകുമാരി ശക്തമായി ശബ്ദമുയര്‍ത്തി.
കവിത മനുഷ്യ ദു:ഖങ്ങള്‍ക്കു മരുന്നായും പ്രകൃതിക്ക് കൈത്താങ്ങായും അനീതിക്കെതിരെ ആയുധമായും ഉപയോഗിച്ച എഴുത്തുകാരിയാണ് വിടവാങ്ങുന്നത്. നിലപാടുകള്‍ കൊണ്ട് എക്കാലവും തലയുയര്‍ത്തി നിന്ന് പെണ്‍കരുത്തിന്റെ പ്രതീകമായി സുഗതകുമാരി ഓര്‍ക്കപ്പെടും.
1996ല്‍ സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷയാകാനുളള നിയോഗവും സുഗതകുമാരിക്കായിരുന്നു. അഭയഗ്രാമം, അത്താണി, എന്നിങ്ങനെ സമൂഹത്തിന് തണലൊരുക്കിയ സ്ഥാപനങ്ങളുടെ അമരക്കാരിയുമായി. മനോനില തെറ്റിയവര്‍ക്കും ആരുമില്ലാത്തവര്‍ക്കും അസുഖങ്ങളാല്‍ തകര്‍ന്നുപോയവര്‍ക്കുമെല്ലാം താങ്ങായി സുഗതകുമാരി നിലകൊണ്ടു. കര്‍മ്മഭൂമി പൊതുപ്രവര്‍ത്തനമെങ്കിലും രാഷ്ട്രീയത്തിലേക്കുളള ക്ഷണം എല്ലാകാലത്തും അവര്‍ നിരസിച്ചിരുന്നു.
സമഗ്ര സംഭാവനകള്‍ക്ക് നല്കുന്ന എഴുത്തച്ഛന് പുരസ്കാരം, സരസ്വതി സമ്മാന്‍ കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍, ആശാന് പ്രൈസ്, ഓടക്കുഴല്‍ പുരസ്കാരം, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ് ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, പ്രകൃതിസംരക്ഷണ യത്നങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ് എന്നിങ്ങനെ എണ്ണമറ്റ അംഗീകാരങ്ങള്‍. 2006ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.
സുഗതകുമാരി ടീച്ചറുടെ സംസ്കാരം വൈകിട്ട് നാലു മണിക്ക് ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍ നടക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാവും സംസ്കാരം നടത്തുക. ഉച്ചയ്ക്ക് ഒരു മണി മുതല്‍ അയ്യന്‍കാളി ഹാളില്‍ ടീച്ചറുടെ ഛായാചിത്രത്തിന് മുന്നില്‍ പൊതുജനങ്ങള്‍ക്ക് പുഷ്പാഞ്ജലി അര്‍പ്പിക്കാം. ടീച്ചറുടെ കുടുംബാംഗങ്ങള്‍ അയ്യന്‍കാളി ഹാളിലുണ്ടാവും.