കോഴിക്കോട്: ദേശീയ പൗരത്വ രജിസ്റ്റര്‍ ഉടന്‍ നടപ്പാക്കില്ലെന്ന് നരേന്ദ്രമോദിക്ക് പറയേണ്ടി വന്നത് പ്രക്ഷോഭങ്ങളുടെ വിജയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മുസ്ലിം യൂത്ത് ലീഗിന്റെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മുമായി ചേര്‍ന്നുള്ള സംയുക്ത സമരത്തെ എതിര്‍ത്ത മുല്ലപ്പള്ളി രാമചന്ദ്രനും കുഞ്ഞാലിക്കുട്ടി എംപി മറുപടി നല്കി. സംയുക്ത പ്രക്ഷോഭങ്ങള്‍ ആവശ്യമെങ്കില്‍ ഇനിയും സംഘടിപ്പിക്കും. യുഡിഎഫ് യോഗം ചേര്‍ന്നു ഇക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പരാമര്‍ശം നടത്തേണ്ട ആളല്ല ഗവര്‍ണര്‍. അദ്ദേഹം വിവാദങ്ങളില്‍ കക്ഷി ചേരുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ഒരുമിച്ച് തന്നെ മാംഗളൂര് സന്ദര്‍ശനം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


