തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് 13 വയസുകാരിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബൈപ്പാസ് സർജറി നടത്തി. സംസ്ഥാനത്ത് ആദ്യമായും ഇന്ത്യയിൽ അപൂർവമായുമാണ് ചെറിയ പ്രായത്തിൽ ഇപ്രകാരമുള്ള ഹൃദയാഘാതമുണ്ടാകുന്നതും അതിനു ബൈപ്പാസ് സർജറി വേണ്ടിവരുന്നതും. പെൺകുട്ടികളിൽ തന്നെ ഹൃദയാഘാത സാധ്യത വിരളമാണെന്നിരിക്കെ ചെറുപ്രായത്തിൽ ഒരു പെൺകുട്ടി തന്നെ രോഗിയായിയെന്നതും പ്രത്യേകതയാണ്. ശസ്ത്രക്രിയാ സമയത്ത് രക്തധമനിയുടെ ബയോപ്സിയെടുത്തു പരിശോധിച്ചതിൽ പ്രായമായവരിൽ വരുന്ന ഹൃദയാഘാതമല്ലെന്നു തിരിച്ചറിഞ്ഞു.
നെഞ്ചുവേദനയെ തുടർന്ന് വിവിധ ആശുപത്രികളിൽ നടന്ന ചികിത്സയ്ക്കു ശേഷമാണ് കൊല്ലം നീണ്ടകര സ്വദേശിനിയായ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. കുട്ടികളിലെ ഹൃദയാഘാത സാധ്യത ഇതുവരെ ഇല്ലാതിരുന്നതിനാൽ രോഗിയുടെ ഹൃദയത്തിന് ജന്മനായുള്ള തകരാർ വല്ലതുമുണ്ടോയെന്ന പരിശോധനയാണ് ആദ്യം നടത്തിയത്. അതിൽ പ്രശ്നമൊന്നും കണ്ടില്ല. നെഞ്ചുവേദന തുടരുന്ന സാഹചര്യത്തിൽ കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ ജോർജ് കോശിയുടെ നേതൃത്വത്തിൽ നടത്തിയ ഇസിജി പരിശോധനയിൽ ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങൾ കണ്ടതോടെ ആൻജിയോഗ്രാം ചെയ്യുകയായിരുന്നു. പരിശോധനയിൽ പ്രധാന രക്തധമനിയിൽ 99 ശതമാനം ബ്ലോക്കും മറ്റൊരു ധമനിയിൽ 50 ശതമാനം ബ്ലോക്കും കണ്ടു. മാത്രമല്ല, രക്തധമനീഭിത്തിയിലും തകരാറുണ്ടായിരുന്നു. ഈ അവസ്ഥയിൽ ആൻജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റ് ഇടുന്നതിൽ തടസമുള്ളതിനാൽ ബൈപ്പാസ് സർജറി തീരുമാനിച്ചു.
കുട്ടികളിലെ ഹൃദയധമനികളെ ബാധിക്കുന്ന പ്രത്യേകതരം രോഗമാണിത്. ആഹാരരീതിയുമായി നേരിട്ട് ബന്ധമുള്ള അസുഖമല്ലെന്നും ഡോ ജോർജ് കോശി പറഞ്ഞു. തന്റെ സേവനകാലയളവിൽ ഇതുവരെ ഈ പ്രായത്തിലുള്ള കുട്ടികളിൽ ഹൃദയാഘാതം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാർഡിയോ തൊറാസിക് വിഭാഗത്തിലെ ഡോ വി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഡോ കൃഷ്ണ, ഡോ കിഷോർ, ഡോ മഹേഷ്, അനസ്തേഷ്യാ വിഭാഗത്തിലെ ഡോ ഗോപാലകൃഷ്ണൻ, ഡോ ഷീലാ വർഗീസ്, ഡോ അമൃത, ഡോ ജയശ്രീ, സ്റ്റാഫ് നേഴ്സ് രൂപ, ടെക്നീഷ്യന്മാരായ അനുരാധ, നിഷാന എന്നിവരടങ്ങുന്ന സംഘം ബൈപ്പാസ് സർജറി നടത്തുകയായിരുന്നു. തുടർ ചികിത്സകൾക്കു ശേഷം കുട്ടിയെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു.