പമ്പ: മനിതി കൂട്ടായ്മയിലെ ഒരു സംഘം പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് നടന്നു കയറുന്നത് തടഞ്ഞ് പ്രതിഷേധം ശക്തമായി. കാനന പാതയില്‍ മനിതി സംഘം നടക്കുന്ന വഴിയില്‍ കുത്തിയിരുന്ന് നാമജപം അടക്കം നടത്തിയാണ് പ്രതിഷേധം. റോഡില്‍ കുത്തിയിരുന്നുള്ള പ്രതിഷേധം കാരണം മനിതി സംഘത്തിന് മുന്നോട്ട് പോകാനായിട്ടില്ല. മല കയറാനെത്തിയ യുവതികളടക്കമുള്ളവരും റോഡില്‍ കുത്തിയിരിപ്പ് തുടങ്ങിയതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മനിതി പ്രവര്‍ത്തക സെല്‍വിയെ ചര്‍ച്ചയ്ക്ക് വിളിച്ചു. സി ഐയുമായുള്ള ചര്‍ച്ച തുടരുകയാണ്. എസ് പി അടക്കമുള്ളവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തുമെന്നാണ് വ്യക്തമാകുന്നത്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ദര്‍ശനം നടത്തണമോയെന്ന കാര്യത്തില്‍ ഇവരുടെ നിലപാട് നിര്‍ണായകമാകും.
സ്ഥലത്ത് ചെറിയ തോതിലുള്ള സംഘര്‍ഷ സാധ്യതയും ഉടലെടുത്തിട്ടുണ്ട്. ഇക്കാര്യം പൊലീസ് മനിതി സംഘത്തെ അറിയിച്ചിട്ടുണ്ട്. അയ്യപ്പ ദര്‍ശനത്തിന് ശേഷം മാത്രമേ മടങ്ങി പോകു എന്ന നിലപാടാണ് യുവതികള്‍ പങ്കുവയ്ക്കുന്നത്. പ്രതിഷേധക്കാര്‍ എത്രനേരം കുത്തിയിരിക്കുമോ അത്രയും നേരം കാത്തിരിക്കാന്‍ തയ്യാറാണെന്നും അവര്‍ അറിയിച്ചിരുന്നു. പൊലീസ് സംരക്ഷണമൊരുക്കുമെന്നാണ് പ്രതീക്ഷയെന്നും യുവതികള്‍ വ്യക്തമാക്കി.
തമിഴ് നാട്ടില്‍ നിന്നും പുറപ്പെട്ട മനിതി കൂട്ടായ്മയിലെ ഒരു സംഘമാണ് പുലര്‍ച്ചെ പമ്പയിലെത്തിയത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്. പതിനൊന്നംഗ സംഘമാണ് പമ്പയിലെത്തിയത്. ഇവരില്‍ ആറുപേര്‍ മാത്രമേ പതിനെട്ടാംപടി കയറുവെന്ന് മനിതി പ്രതിനിധി സെല്‍വി വ്യക്തമാക്കി. മറ്റുള്ളവര്‍ സഹായത്തിന് എത്തിയതാണെന്നും എല്ലാവരും വിശ്വാസികളാണെന്നും സെല്‍വി അറിയിച്ചു.


