തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുക്കാൻ സമയം തേടുമെന്ന് എസ്ഐടി. ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്റെ വീട്ടിൽ പോറ്റി കൊണ്ട് പോയിരുന്നു. കേസിൽ ജയറാം സാക്ഷിയാകുമെന്നും എസ്ഐടി അറിയിച്ചു. ജയറാമിനെ പോലുള്ള പ്രമുഖരെ വരെ പോറ്റി കബളിപ്പിച്ചു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയെന്ന് കരുതുന്ന സ്വർണപ്പാളിയും ദ്വാരപാലക ശിൽപവും ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിന്റെ വീടുകളിലടക്കം പ്രദര്‍ശിപ്പിക്കുകയും പൂജക്ക് വെക്കുകയും ചെയ്തിരുന്നു. നടൻ ജയറാം,ഗായകന് വീരമണി തുടങ്ങിയവര്‍ പൂജയിൽ പങ്കെടുത്തിരുന്നു. 2019 ല്‍ ചെന്നൈയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
അതേ സമയം, ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ അന്വേഷണസംഘം അപേക്ഷ സമർപ്പിക്കും. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിക്കുന്നത്. അതേസമയം ശബരിമല സന്നിധാനത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫോറൻസിക് ഫലം ലഭിച്ചതിനുശേഷം ആയിരിക്കും തുടർന്നുള്ള അറസ്റ്റുകളിലേക്ക് എസ് ഐ ടി നീങ്ങുക. പത്മകുമാറിന്റെ വീട്ടിൽ നിന്നും അന്വേഷണസംഘം കണ്ടെത്തിയ രേഖകളിൽ തുടർ പരിശോധന നടക്കുകയാണ്. ഭൂമി വില്പനയുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെയാണ് കണ്ടെത്തിയിട്ടുള്ളത്. അന്നത്തെ ഭരണ നേതൃത്വവുമായി ബന്ധപ്പെട്ട് സ്വർണ്ണക്കൊള്ളയെ ബന്ധിപ്പിക്കാൻ സാധിക്കുന്ന രേഖകൾ ഒന്നും തന്നെ ഇതേവരെ ലഭിച്ചിട്ടില്ല എന്നാണ് അന്വേഷണസംഘം പറയുന്നത്.


