പാനൂരില്‍ 23 കാരി വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി ശ്യാംജിത്ത് മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തി ഉപേക്ഷിച്ചത്. പ്രതിയുടെ തന്നെ മൊഴിയുടെ അടിസ്ഥാനത്തില്‍, പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയില്‍ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. കുളത്തില്‍ ഉപേക്ഷിച്ച ബാഗിലാണ് കൊലപാതക കൃത്യത്തിനായി ഉപയോഗിച്ച ചുറ്റികയും കത്തിയും കണ്ടെത്തിയത്. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന മാസ്ക്, തൊപ്പി, സ്ക്രൂ ഡ്രൈവര്‍ എന്നിവയും ബാഗിലുണ്ടായിരുന്നു.
വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയ ശേഷം ശ്യാംജിത്തിന്റെ മാനന്തേരിയിലെ വീടിന് സമീപമുള്ള സ്ഥലത്ത് ആയുധങ്ങള്‍ ഒളിപ്പിച്ചുവെന്നായിരുന്നു നല്കിയ മൊഴി. തുടര്‍ന്ന് പ്രദേശത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു.
വീടിന് സമീപമുള്ള ഒരു ചതിപ്പില്‍ ബാഗില്‍ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു ആയുധങ്ങള്‍. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചുറ്റികയും ബാഗില്‍ നിന്നും കണ്ടെടുത്തു. കൂടാതെ ആസമയം ധരിച്ചിരുന്ന വസ്ത്രവും രക്തം പുരണ്ട നിലയില്‍ കണ്ടെടുത്തിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ കൊലപാതകം തടയാന്‍ വിഷ്ണുപ്രിയ ശ്രമിച്ചാല്‍ അത് തടയാന്‍ മുഖത്തെറിയാന്‍ സൂക്ഷിച്ചിരുന്ന മുളകുപൊടിയും ബാഗിലുണ്ടായിരുന്നു. കൊലപാതക ശേഷം പ്രദേശത്തെത്തിയ ശ്യാംജിത്ത് ബാഗില്‍ ആയുധങ്ങളും ആ സമയം ധരിച്ചിരുന്ന വസ്ത്രങ്ങളും ഇട്ടശേഷം വെട്ടുകല്ല് ബാഗിനുള്ളില്‍ വച്ച് ചതുപ്പില്‍ താഴ്ത്തുകയായിരുന്നു.
ശ്യാംജിതിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതിന് ശേഷം കസ്റ്റഡിയില്‍ വാങ്ങും. കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ചും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ വാങ്ങിയ കടകളിലെത്തിച്ചും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അതേസമയം കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും.
പ്രണയ ബന്ധത്തില്‍ നിന്ന് വിഷ്ണുപ്രിയ പിന്മാറിയാതാണ് ശ്യാംജിത്തിനെ പ്രകോപിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഇന്നലെയാണ് പ്രതി പാനൂരില്‍ വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. ഈ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അമ്മയും ബന്ധുക്കളുമെല്ലാം തൊട്ടടുത്തുള്ള കുടുംബവീട്ടില്‍ മറ്റൊരു മരണാനന്തര ചടങ്ങിലായിരുന്നു. രാവിലെ വസ്ത്രം മാറാനും മറ്റുമായി വിഷ്ണുപ്രിയ കുടുംബ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഏറെ വൈകിയിട്ടും മകളെ കാണാതിരുന്നതിനെ തുടര്‍ന്ന് അമ്മ അന്വേഷിച്ച് എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മൃദേഹം കണ്ടെത്തിയത്. ഫോണ്‍ കോളുകളെ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ സഹായിച്ചത്.


