തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ തിരുവനന്തപുരം കോര്പറേഷന് മേയര്‍ വി.കെ. പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം പ്രശാന്തിനെ ഒന്നാമതായും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിനെ രണ്ടാമതായും ഉള്‍പ്പെടുത്തികൊണ്ടുള്ള സ്ഥാനാര്‍ഥി പട്ടിക അംഗീകരിച്ചു. മേയറായി പ്രശാന്തും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മധുവും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന വിലയിരുത്തലാണ് ജില്ലാ സെക്രട്ടറിയേറ്റ്.
ഇക്കഴിഞ്ഞ പ്രളയകാലത്ത് ഇരുവരുടേയും നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനമാണ് തലസ്ഥാനം കേന്ദ്രീകരിച്ചു നടന്നത്. പ്രശാന്തിനാണ് വട്ടിയൂര്‍ക്കാവിലേക്ക് പ്രഥമ പരിഗണന. മേയര്‍ എന്ന നിലയില്‍ പ്രതിപക്ഷത്തുള്ളവരുടെ അടക്കം നല്ല ബന്ധമാണ് പ്രശാന്തിനുള്ളത്. ഇതെല്ലാം ജില്ലാ സെക്രട്ടറിയേറ്റ് പരിഗണിച്ചു.
ജില്ലാ കമ്മറ്റിയുടെ ശിപാര്‍ശ പട്ടിക സംസ്ഥാന കമ്മറ്റിക്ക് കൈമാറും. സംസ്ഥാന കമ്മറ്റിയാണ് സ്ഥാനാര്‍ഥി പട്ടിക അംഗീകരിക്കേണ്ടത്. ഇതിനു മുന്‍പ് എല്‍ഡിഎഫിലും ചര്‍ച്ചയുണ്ടാകും. അഞ്ച് മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പായതിനാല്‍ ഒരുമിച്ചായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം. ചൊവ്വാഴ്ച സിപിഎം സംസ്ഥാന സമിതിയും എല്‍ഡിഎഫും ചേരുന്നുണ്ട്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെല്ലാം സിപിഎമ്മാണ് മത്സരിക്കുന്നത്. അതിനാല്‍ എല്‍ഡിഎഫില്‍ കാര്യമായ ചര്‍ച്ച ഉണ്ടാകില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക ഉടന്‍ കൈമാറാന്‍ ജില്ലാ കമ്മറ്റികളോട് സംസ്ഥാന നേതൃത്വം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള കാര്യമായ ചര്‍ച്ചകളും നടന്നുവരികയാണ്. അടുത്തമാസം 21-നാണ് വോട്ടെടുപ്പ്. 24-നാണ് വോട്ടെണ്ണല്‍.
പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ഉത്തരവാദിത്വവും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് വി.കെ. പ്രശാന്ത്. അഞ്ചുവര്‍ഷം മേയറായി പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം ഉണ്ട്. ഇനിയും നഗരപിതാവെന്ന നിലയില്‍ കുറച്ചു കാര്യങ്ങള്‍ കൂടി ചെയ്യണമെന്നുമെന്നുണ്ട്. പലപദ്ധതികളും പൂര്‍ത്തിയാക്കേണ്ടതായിട്ടുണ്ട്. പലതും അവസാന ഘട്ടത്തിലാണ്. പാര്‍ട്ടി എടുക്കുന്ന തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും പ്രശാന്ത് പറഞ്ഞു.


