തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളും മുൻ എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. ഉപാധികളോടെയാണ് ഇരുവർക്കും തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. യൂണിവേഴ്സിറ്റി കോളേജിന്റെ വളപ്പിലേക്ക് പോലും കയറരുതെന്ന് ഇരുവർക്കുമുള്ള ജാമ്യത്തിനുള്ള വ്യവസ്ഥകളിൽ കോടതി പറയുന്നു.
ജൂലൈ ആദ്യവാരമാണ് യൂണിവേഴ്സിറ്റി കോളേജിൽ ബിരുദ വിദ്യാർത്ഥിയായ അഖിലിനെ ഒരു സംഘം എസ്എഫ്ഐ നേതാക്കൾ കുത്തിപ്പരിക്കേൽപിക്കുന്നത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്. യൂണിറ്റ് സെക്രട്ടറി നസീമിൽ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് സാക്ഷികളായ വിദ്യാർത്ഥികൾ മൊഴി നൽകിയത്. കാന്റീനിൽ മുന്നിലിരുന്ന് പാട്ട് പാടിയതിനാണ് അഖിലിനെ ശിവരഞ്ജിത്ത് കുത്തിയത്.
ശിവരഞ്ജിത്തിനും നസീമിനും പുറമെ എസ്എഫ്ഐ നേതാക്കളായ അമർ, അദ്വൈദ്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. നെഞ്ചിലും മുതുകിലും കുത്തേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിന്റെ മധ്യഭാഗത്തായി ഏറ്റ കുത്തിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതായി കണ്ടെത്തിയതിനാല്‍ അഖിലിനെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വന്നു. ദിവസങ്ങളോളം അഖിലിന് ആശുപത്രിയിൽ കഴിയേണ്ടിയും വന്നു.


