കടുത്തുരുത്തി : മകളുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ നീതി ലഭിക്കണമെന്ന് ഡോ. വന്ദനയുടെ മാതാപിതാക്കള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടു. ജോലിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ മുട്ടുചിറയിലെ വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോടാണ് മാതാപിതാക്കള്‍ ആവശ്യം ഉന്നയിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം. ഇനിയൊരു കുടുംബത്തിനും ഈ ദുര്‍ഗതി വരരുതെന്നും മാതാപിതാക്കളായ കെ.ജി.മോഹന്‍ദാസും വസന്തകുമാരിയും പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സ്മൃതി ഇറാനി നമ്പിച്ചിറക്കാലായിലെ വീട്ടിലെത്തിയത്. ആക്രമണം നടക്കുന്ന സമയത്ത് പോലീസിനും ജീവനക്കാര്‍ക്കുമുണ്ടായ വീഴ്ചകളും കുടുംബം മന്ത്രിയോട് വിവരിച്ചു. വിങ്ങിപ്പൊട്ടിയ മാതാപിതാക്കള്‍ക്ക് മുന്പില് മന്ത്രിയും നിശബ്ദയായി. അരമണിക്കൂറോളം വീട്ടില്‍ ചെലവഴിച്ച സ്മൃതി ഇറാനി, അസ്ഥിത്തറയില്‍ പൂക്കള്‍ അര്‍പ്പിച്ചാണ് മടങ്ങിയത്. കേന്ദ്രമന്ത്രി വി. മുരളീധരന്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ജി.ലിജിന്‍ലാല്‍ എന്നിവരും മറ്റുനേതാക്കളും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.


