മൂവാറ്റുപുഴ: ഇടുക്കിയില്‍ രണ്ടാം വൈദ്യുതി നിലയം സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പറഞ്ഞു. മാറാടി 66 കെ.വി. സബ്സ് റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുതിയ വൈദ്യുത നിലയത്തിനായുള്ള പഠനങ്ങളെല്ലാം അനുകൂലമാണ്. ഇതു വഴി 1600 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഏറ്റവുമധികം വൈദ്യുതി ഉപഭോഗം നടക്കുന്നത് രാത്രി കാലങ്ങളിലായതിനാല്‍ പുതിയ നിലയം രാത്രി ഉപഭോഗം മാത്രം ലക്ഷ്യമിട്ടാകുമെന്നും മന്ത്രി പറഞ്ഞു. ഗുണനിലവാരമുള്ള വൈദ്യുതി മുടക്കമില്ലാതെ നല്‍കുകയാണ് സര്‍ക്കാര്‍ നയം. ഇതിനായി സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കും. സംസ്ഥാനത്തിനാവശ്യമുള്ള വൈദ്യുതിയുടെ 30% മാത്രമാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. ബാക്കി വിവിധ കരാറുകളിലൂടെ വാങ്ങുന്നതാണ്. ഈ സാഹചര്യത്തില്‍ സോളാറിലൂടെ 1000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ 500 മെഗാവാട്ട് പുരപ്പുറ സോളാറിലൂടെ സംഭരിക്കും. വൈദ്യുതി മേഖലയില്‍ ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന തടക്കമുള്ള മുഴുവന്‍ വാഗ്ദാനങ്ങളും പാലിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍. എമാരായ ജോസഫ് വാഴക്കന്, എം.ജെ. ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി, പഞ്ചായത്ത് പ്രസിഡന്റുമാരായ ലത ശിവന്, വള്ളമറ്റം കുഞ്ഞ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു.ബേബി, ഒ.പി.ബേബി, ഒ.സി. ഏലിയാസ്, എം.എന്‍. മുരളി, സാബു ജോണ്‍, പോള്‍ പൂമറ്റം, എന്നിവര്‍ പ്രസംഗിച്ചു. തൊടുപുഴ സര്‍ക്കിള്‍ ട്രാന്സ്മിഷന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ.ആര്. രാജന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജെയിംസ്.എസ്. ഡേവിഡ് സ്വാഗതവും കോതമംഗലം ഡിവിഷന് ട്രാന്‍സ് മിഷന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.ആര്. രാജീവ് നന്ദിയും പറഞ്ഞു.
വിവിധ കക്ഷി നേതാക്കളും വൈദ്യുതി വകുപ്പ് ജീവനക്കാരു മടക്കമുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മാറാടി സബ് സ്റ്റേഷന്റെ ഒന്നാംഘട്ടത്തില്‍ 66-കെ.വി. സബ്സേറ്റേഷനാണ് പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. സബ്സ്റ്റേഷനില്‍ നിന്നും എം.സി. റോഡ് ഫീഡറിലടക്കം വൈദ്യുതി വിതരണം ആരംഭിച്ച് കഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ 110-കെ.വി. സബ് സ്റ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് സബ്സ്റ്റേഷന് വിഭാവനം ചെയ്തിരിക്കുന്നത്. മാറാടി പഞ്ചായത്തിലെ ഈസ്റ്റ് മാറാടിയില്‍ എം.സി.റോഡിനോട് ചേര്‍ന്ന് കണ്ടെത്തിയ ഒന്നര ഏക്കര്‍ സ്ഥലത്താണ് മാറാടി സബ്സ്റ്റേഷന് നിര്‍മിച്ചിരിക്കുന്നത്. ഇതിനായി കെ. എസ്. ഇ. ബി. യില്‍ നിന്നും 17-കോടി രൂപയാണ് അനുവദിച്ചത്. മൂവാറ്റുപുഴ ടൗണിലും, ആരക്കുഴ, പണ്ടപ്പിള്ളി, കൂത്താട്ടുകുളം, മാറാടി, പഞ്ചായത്തുകളുമാണ് മാറാടി സബ്സ്റ്റേഷന് കീഴില്‍ വരുന്നത്. 12.5 എം.വി.എ ശേഷിയുള്ള രണ്ട് 66/ 11 കെ.വി ട്രാന്‍സ്ഫോമറുകള്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ള പദ്ധതിയില്‍ 10 എം വി എ ശേഷിയുള്ള ഒരു ട്രാന്‍സ്ഫോമറും എം.സി റോഡ്, മൂഴി എന്നി രണ്ട് 11 കെ വി ഫീഡറുകളും ആണ് ഇപ്പോള്‍ പൂര്‍ത്തികരിച്ചിരിക്കുന്നത്. നിലവിലുള്ള കൂത്താട്ടുകുളം – കോതമംഗലം 66 കെ വി ലൈനില്‍ നിന്നാണ് ഇവിടേക്ക് വൈദ്യുതി എത്തുന്നത്