ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ എസ്.ഐ.ടി. ഈ ആഴ്ച തന്നെ ഉദ്യോഗസ്ഥരേയും അതിന് ശേഷം മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ ഉള്‍പ്പടെയുള്ള ദേവസ്വം ബോര്‍ഡ് അംഗങ്ങളേയും ചോദ്യം ചെയ്യും.
കേസില്‍ 2019 ലെ ദേവസ്വം ബോര്‍ഡ് മിനിട്സ് എസ്ഐടി കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണം പൂശാന്‍ തീരുമാനിച്ച യോഗ വിവരങ്ങള്‍ അടങ്ങിയതാണ് മിനിറ്റ്സ്. കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഗൂഢാലോചന സംബന്ധിച്ച് ഗൗരവ പരാമര്‍ശങ്ങളുണ്ട്. ദേവസ്വം മാന്വല്‍ ലംഘിച്ച് സ്വര്‍ണപ്പാളികള്‍ കൊടുത്തുവിട്ടത് സംഘടിത കുറ്റകൃത്യം നടത്തിയതിനുള്ള തെളിവാണ്. നിലവിലെ ഭരണസമിതിയും അന്വേഷണ പരിധിയില്‍ വരും.
പ്രതികളാക്കിയിരിക്കുന്ന മറ്റ് ഉദ്യോഗസ്ഥരേയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ഇവരില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ കൂടി അടിസ്ഥാനപ്പെടുത്തിയാവും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ വിളിപ്പിക്കുക. മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍, പ്രസിഡന്റും കമ്മീഷണറുമായിരുന്ന എന്‍.വാസു എന്നിവരെ ചോദ്യം ചെയ്യാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.