ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയില്‍ കടുത്ത നിലപാടുമായി വിതരണക്കാര്‍. നിലവില്‍ വിതരണം ചെയ്ത സ്റ്റോക്ക് തിരിച്ചെടുക്കും എന്ന് കാണിച്ച് വിതരണക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് കത്ത് നല്കി. 158 കോടി രൂപയാണ് വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വകുപ്പിലേയും യൂറോളജി വകുപ്പിലേയും ശസ്ത്രക്രിയകള്‍ മുടങ്ങും എന്ന രൂക്ഷമായ അവസ്ഥയിലെത്തിയപ്പോഴാണ് കുടിശ്ശിക തീരുന്നതിന് മുന്‍പ് തന്നെ ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജിലെത്തിച്ചത്.
കുടിശ്ശിക അടച്ച് തീര്‍ക്കാത്തതിനാല്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ മെഡിക്കല്‍ കോളജുകളിലേക്കുള്ള ഉപകരണ വിതരണം വിതരണക്കാര്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. മാര്‍ച്ച് 31 വരെയുള്ള എല്ലാ തുകയും അടച്ച് തീര്‍ക്കണമെന്നാണ് വിതരണക്കാര്‍ പറയുന്നത്. ഒക്ടോബര്‍ അഞ്ച് വരെ കാത്തിരിക്കുമെന്നും എന്നിട്ടും കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ നിലവില്‍ നല്കിയ സ്റ്റോക്ക് തിരിച്ചെടുക്കുമെന്നും കത്തില്‍ പറയുന്നു.