തിരുവനന്തപുരം : മലയാള സിനിമയുടെ കാരണവരെന്ന് വിളിക്കാൻ നൂറുശതമാനം അര്‍ഹതയുള്ള, ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളെ സമ്മാനിച്ച മഹാപ്രതിഭയാണ് മധുവെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.ശനിയാഴ്ച നവതി ആഘോഷിക്കുന്ന മധുവിന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ആശംസ അറിയിക്കാനും സാംസ്കാരിക വകുപ്പ് നല്കുന്ന ഒരുലക്ഷം രൂപയും ഉപഹാരവും കൈമാറാനും തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ മധുവിന്റെ വീട്ടിലെത്തിയതായിരുന്നു മന്ത്രി.
മലയാള സിനിമയ്ക്ക് സ്വന്തമായ വിലാസമുണ്ടാക്കിയ മഹാരഥൻമാരില് ഏറ്റവും മുൻനിരയിലാണ് നടൻ മധു. സിനിമയിലെ സമസ്ത മേഖലയിലും കഴിവ് തെളിയിച്ച് വിലമതിക്കാനാകാത്ത സംഭാവന അദ്ദേഹം നല്കി. തെണ്ണൂറാം വയസ്സിലും മലയാളസിനിമയ്ക്ക് ശക്തിപകരുന്ന മഹാഗോപുരമായി സഞ്ചരിക്കുന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
മധുവിന്റെ കഥാപാത്രങ്ങളെ ആവിഷ്കരിച്ചുള്ള പ്രത്യേക പരിപാടി സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ലൂമിയര്‍ ബ്രദേഴ്സ് 1895ല്‍ രൂപകല്‍പ്പന ചെയ്ത ആദ്യകാല ചലച്ചിത്ര കാമറയുടെ മാതൃകയാണ് സാംസ്കാരിക വകുപ്പ് ഉപഹാരമായി കൈമാറിയത്.
കെഎസ്എഫ്ഡിസി ചെയര്മാൻ ഷാജി എൻ കരുണ്‍, മാനേജിങ് ഡയറക്ടര്‍ കെ വി അബ്ദുല്‍ മാലിക്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, സാംസ്കാരിക വകുപ്പ് പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കല്‍ എന്നിവരും മന്ത്രിയോടൊപ്പം മധുവിന്റെ വീട്ടിലെത്തി.


