കൊച്ചി: സൈബര്‍ സുരക്ഷ മേഖലയില്‍ ദേശീയ അംഗീകാരം സ്വന്തമാക്കി കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ്. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ടെക് ബൈ ഹാര്‍ട്ടാണ് ഈ വര്‍ഷത്തെ ഇന്ത്യന്‍ ഐക്കണ്‍ അവാര്‍ഡിന് അര്‍ഹരായത്. ഗ്ലോബല്‍ ചേമ്പര്‍ ഓഫ് കണ്‍സ്യൂമര്‍ റൈറ്റ്സ്, കൈറ്റ്സ് ക്രാഫ്റ്റ് പ്രൊഡക്ഷന്‍ എന്നിവര്‍ ചേര്‍ന്ന് നല്കുന്ന അവാര്‍ഡ് ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു സ്റ്റാര്‍ട്ടപ്പ് സ്ഥാപനത്തിന് ലഭിക്കുന്നത്. ന്യൂഡല്‍ഹിയിലെ ദ്വാരകയില്‍ നടന്ന ചടങ്ങില്‍ ടെക് ബൈ ഹാര്‍ട്ട് സി.ഇ.ഒ സജാദ് ചെമ്മുക്കന്‍ മുന്‍ പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.
വിവിധ മേഖലകളിലായി 150ഓളം കമ്പനികള്‍ പങ്കെടുത്ത സമ്മേളനത്തിലായിരുന്നു അവാര്‍ഡിന് അര്‍ഹരായത്. മൂന്ന് മാസം മുന്‍പ് ഇന്ത്യയില്‍ സൈബര്‍ സുരക്ഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പിനുള്ള ഗ്ലോബല്‍ ഇന്സ്പിരേഷന് അവാര്‍ഡും കമ്പനിയെ തേടിയെത്തിയിരുന്നു. ലോക പ്രശസ്ത സന്നദ്ധ സംഘടനകളായ വേള്‍ഡ് ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷനും ട്രൈഡന്റ് കമ്മ്യൂണിക്കേഷനും ചേര്‍ന്ന് നല്കിയ പുരസ്കാരം ഈ മേഖലയിലെ ഏറ്റവും പ്രധാന ബഹുമതികളിലൊന്നാണ്.
നിലവില്‍ സ്ഥാപനത്തിന്റെ ചെയര്‍മാനായ ശ്രീനാഥ് ഗോപിനാഥും സി.ഇ.ഓ സജാദ് ചെമ്മുക്കനും ചേര്‍ന്ന് 2017ല്‍ സ്റ്റാര്‍ട്ടപ്പായി ആരംഭിച്ച സംരംഭം വളരെ പെട്ടെന്നായിരുന്നു പടര്‍ന്ന് പന്തലിച്ചത്. കൊച്ചിക്ക് പുറമേ കോട്ടക്കല്‍, കണ്ണൂര്‍, ബെംഗളൂരു, ദുബായ് എന്നിവിടങ്ങളിലായി ഏഴ് ഓഫീസുകളാണ് പ്രവര്‍ത്തിക്കുന്നത്. 50ലധികം ജീവനക്കാരാണ് ഈ ഓഫീസുകളിലായി ജോലി ചെയ്യുന്നത്.
പുതിയ കാലഘട്ടത്തിലെ പ്രധാന തൊഴില്‍ മേഖലകളിലൊന്നായി കണക്കാക്കപ്പെടുന്ന സൈബര്‍ സെക്യൂരിറ്റിയുടെ അനന്ത സാധ്യതകള്‍ വിദ്യാര്ത്ഥികളിലേക്കെത്തിച്ച സ്ഥാപനം കൂടിയാണ് ടെക് ബൈ ഹാര്‍ട്ട്. സൈബര്‍ സെക്യൂരിറ്റി, സൈബര്‍ ഫോറന്‍സിക്, എത്തിക്കല്‍ ഹാക്കിംഗ്, വെബ്സൈറ്റ് പ്രൊട്ടക്ഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയവയില്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ആവശ്യമായ ബോധവല്‍ക്കരണവും പരിശീലനവും നല്‍കിയായിരുന്നു ശ്രദ്ധ നേടിയത്.
സൈബര്‍ സുരക്ഷ പരിശീലനം നല്‍കുന്നതിനായി രാജ്യത്തെ ഏറ്റവുമധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത സ്ഥാപനം എന്ന ബഹുമതിയും ടെക് ബൈ ഹാര്ട്ടിനുണ്ട്. നൂറുകണക്കിന് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സൈബര്‍ സുരക്ഷാ സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കിയത്.


