ശബരിമല സ്വർണ്ണ കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരെ മനഃപ്പൂർവം കുടുക്കുകയായിരുന്നെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 41 ദിവസം ജയിലിൽ കിടത്തിയത് സംശയാസ്പദം. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർദ്ദേശപ്രകാരമാണ് എസ്ഐടി പ്രവർത്തിച്ചത്. യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ മുതിരാതെ എസ്ഐടി ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത് ഒരു തെളിവുമില്ലാതെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
തന്ത്രിക്ക് ജാമ്യം ലഭിക്കുന്നതിനെ എസ്ഐടി എതിർത്തു. എന്നാൽ അതിനു വിരുദ്ധമാണ് കൊല്ലം വിജിലൻസ് കോടതിയിലെ വിധിന്യായം. കൊള്ളയിൽ തന്ത്രിയെ ബന്ധപ്പെടുത്തുന്നതിന് ഒരു തെളിവുമില്ല എന്ന് കൊല്ലം വിജിലൻസ് കോടതി പറഞ്ഞു. ശബരിമല തന്ത്രി അയ്യപ്പന്റെ പിതാവിന്റെ സ്ഥാനത്തുള്ള വ്യക്തിയാണ്. ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായി. അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.


