കണ്ണൂർ: തയ്യിലിൽ ഒന്നര വയസുകാരനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിൽ അറസ്റ്റിലായ അമ്മ ശരണ്യയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ശരണ്യയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാനാണ് വിളിപ്പച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ശരണ്യയുടെ ഫോണിലേക്ക് പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും കാമുകന്റെ ഫോണിൽ നിന്ന് 17 മിസ്ഡ് കോളുകള്‍ വന്നതായി നേരത്തെ പുറത്തുവന്നിരുന്നു. ശരണ്യ വാരം സ്വദേശിയായ കാമുകനുമായി നടത്തിയ ഓണ്‍ലൈന്‍ ചാറ്റുകളാണ് പ്രണയബന്ധത്തെ കുറിച്ച് സൂചനകൾ പൊലീസിന് നൽകിയത്.
ശരണ്യ ഗര്‍ഭിണിയായ ശേഷം ഭര്‍ത്താവ് പ്രണവ് ഒരു വര്‍ഷം ഗള്‍ഫില്‍ ജോലിക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായത്. ഈ അവസരത്തിലാണ് ഭര്‍ത്താവിന്റെ സുഹൃത്തുകൂടിയായ യുവാവിനോട് ശരണ്യ അടുക്കുന്നത്. കാമുകന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. എങ്കിലും ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
ഭർത്താവാണ് കുറ്റക്കാരനെന്നാണ് ശരണ്യ പോലീസിനോട് ആവർത്തിച്ച് പറഞ്ഞത്. ശാസ്ത്രീയ തെളിവുകൾ നിരത്തി ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പൊലീസ് കേസ് തെളിയിച്ചത്. ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്റേയും മണലിന്റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്. ‘ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരു തെളിവ്’ എല്ലാ കുറ്റവാളികളും ബാക്കിവയ്ക്കുമെന്ന് പൊലീസ് വിശേഷിപ്പിക്കുന്നതുപോലെ, ഈ കേസില്‍ ശരണ്യയുടെ വസ്ത്രത്തിലെ ഉപ്പുവെള്ളം ആ തെളിവാകുകയായിരുന്നു.


