പത്തനംതിട്ട: തിരുവല്ലയില്‍ കീടനാശിനി പ്രയോഗിച്ച കര്‍ഷക തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്. മരിച്ച മത്തായി ഈശോയുടെ ആമാശയത്തില്‍ വിഷാംശം കണ്ടെത്തിയതാണ് സംശയ കാരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. സാം മത്തായിയുടെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് വീണ്ടും എടുക്കും. കീടനാശിനി ശ്വസിച്ചതല്ലെന്നും മറ്റേതെങ്കിലും രീതിയില്‍ ഉള്ളിലെത്തിയതാകാമെന്നുമാണ് കരുതുന്നത്.
മത്തായി ഈശോയുടെ ആമാശയത്തിലാണ് വിഷാംശം കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജ് പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ ആന്തരീകാവയവങ്ങള്‍ വിശദമായ രാസപരിശോധനയ്ക്ക് അയച്ചെന്ന് തിരുവല്ല സി.ഐ. സന്തോഷ്കുമാര്‍ സി.ഐ പറഞ്ഞു. നെല്‍പ്പാടത്ത് അനുവദനീയമായതിലും കൂടുതല്‍ കീടനാശിനി ഉപയോഗിച്ചതിനെ തുടര്‍ന്ന് കര്‍ഷക തൊഴിലാളികളായ പെരിങ്ങര വേങ്ങലില്‍ കഴുപ്പില്‍ കോളനി നിവാസികള്‍ മത്തായി ഈശോ , സനല്‍ കുമാര്‍ എന്നിവരാണ് മരിച്ചത് . ഇതില്‍ സനല്‍കുമാറിന്റെ മരണം കീടനാശിനി ശ്വസിച്ചതിനെ തുടര്‍ന്നാണന്ന് ഫോറന്‍സിക് സര്ജന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മത്തായി ഈശോയുടെ ആമാശയത്തില്‍ വിഷം ഉണ്ടെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ 17നാണ് സനല്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം ഉച്ചയോടെയാണ് മത്തായി ഈശോയെ ആശുപത്രിയില്‍ എത്തിച്ചത്.

