കോതമംഗലം: കോടതിവിധിയെ തുടര്‍ന്ന് പ്രാര്‍ത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയില്‍ എത്തിയ ഓര്‍ത്തഡോക്സ് റമ്പാനെ വിശ്വാസികള്‍ തടഞ്ഞിട്ട് 17 മണിക്കൂര്‍ പിന്നിടുന്നു. നൂറുകണക്കിന് യാക്കോബായ വിശ്വാസികള്‍ പള്ളി അങ്കണത്തില്‍ റമ്പാനും 4 ഓര്‍ത്തഡോക്സ് വിശ്വാസികളും വന്ന വാഹനത്തിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട റ്മ്പാന്റെ ഡ്രൈവറെ പോലീസ് പുലര്‍ച്ചെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം പിറവം പള്ളിത്തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പോലിസ് സംരക്ഷണം തേടി ഓര്‍ത്തഡോക്സ് വിഭാഗം നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നേരത്തെ കേസ് പരിഗണിച്ച ബെഞ്ച് പിന്മാറിയതിനെ തുടര്‍ന്ന് ജസ്റ്റിസുമാരായ വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവര്‍ അടങ്ങിയ പുതിയ ഡിവിഷന് ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഒത്തുതീര്‍പ്പിലൂടെ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ മലങ്കര സഭാ തര്‍ക്കം നിലനില്‍ക്കുന്ന മറ്റു ഭാഗങ്ങളിലേക്ക് പ്രശ്നം വ്യാപിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ യാക്കോബായ വിഭാഗത്തില്‍ നിന്നും പൂര്‍ണമായും പള്ളികള്‍ വിട്ടുകിട്ടണമെന്ന നിലപാടാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്.


