തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് ഇന്ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. സേവന വേതന വ്യവസ്ഥകളിലെയും പെന്‍ഷനിലെയും അപാകതകള്‍ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്റെ ഇന്നത്തെ പണിമുടക്ക്. രാജ്യമെമ്പാടുമുളള ബാങ്ക് ജീവനക്കാര്‍ സമരത്തെ പിന്തുണയ്ക്കും എന്നാണ് സൂചന.
പൊതു അവധികള്‍ക്ക് പുറമെ മറ്റൊരു ബാങ്ക് പണിമുടക്ക് കൂടി വരുന്നതോടെ അടുത്ത ആറ് ദിവസങ്ങളില്‍ അഞ്ച് ദിവസവും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 
ഡിസംബര്‍ 22, 23, 25 തീയതികള്‍ പൊതു അവധിയാണ്. ഡിസംബര്‍ 26 ന് യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന് പണിമുടക്കും. ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് ലയനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഈ പണിമുടക്ക് എല്ലാ ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയില്ലെങ്കിലും മറ്റ് ബാങ്ക് ജീവനക്കാര്‍ സമരത്തിന് പിന്തുണ നല്കിയാല് ബാങ്ക് ഇടപാടുകള്‍ തടസപ്പെടും. പണിമുടക്കുകളും ബാങ്ക് തുടര്‍ച്ചയായ അവധികളും എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചേക്കും. ഡിസംബര്‍ 24 മാത്രമാണ് ഈ 6 ദിവസത്തിനിടയിലെ ഏക പ്രവൃത്തി ദിനം.

