തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇന്നലെ അറസ്റ്റിലായ എ. പത്മകുമാറിനെതിരെ നിർണായക കണ്ടെത്തലുമായി റിമാൻഡ് റിപ്പോർട്ട് . തട്ടിപ്പിന്റെ തുടക്കം പത്മകുമാറിൽ നിന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടാൻ നേരത്തെ തന്നെ പത്മകുമാർ ഇടപെടൽ നടത്തി .2019 ഫെബ്രുവരി ബോർഡിനു മുന്നിൽ പത്മകുമാർ വിഷയം അവതരിപ്പിച്ചു . ബോർഡ് അംഗങ്ങൾ ഇതിനെ എതിർത്തു. ഉദ്യോഗസ്ഥ തലത്തിൽ നടപടി തുടങ്ങിയത് അതിനുശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൊടുത്തുവിടാൻ നടപടി സ്വീകരിക്കണമെന്ന് പത്മകുമാർ നിർദ്ദേശം നൽകിയതായി മുരാരി ബാബുവും സുധീഷുമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ച്ച് 2019ല്‍ എ. പത്മകുമാറിന്റെ അധ്യക്ഷതയില്‍ ചേരാന്‍ തീരുമാനിച്ച ബോര്‍ഡ് യോഗത്തിന്റെ അജണ്ട നോട്ടീസില്‍ സ്വന്തം കൈപ്പടയില്‍ ‘സ്വര്‍ണ്ണം പതിച്ച ചെമ്പ് പാളികള്‍’ എന്നതിന് പകരം ‘ചെമ്പുപാളികള്‍’ എന്ന് മാത്രം എഴുതി ചേര്‍ത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണം പൂശി തിരികെ കൊണ്ടുവരുന്നതിന് ബോര്‍ഡ് അനുവാദം നല്‍കുകയും, അതുവഴി ഒന്നാം പ്രതിയുടെ കൈവശം സ്വര്‍ണ്ണം പൂശിയ ചെമ്പുപാളികള്‍ എത്തിച്ചേരുന്നതിനും സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുന്നതിനും ഒത്താശ ചെയ്തതായി ഇതുവരെ നടത്തിയ അന്വേഷണത്തില്‍ വെളിവായെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആസൂത്രണം തുടങ്ങിയത് ദേവസ്വം തലപ്പത്ത് നിന്നെന്നാണ് എസ്ഐടിയുടെ വിലയിരുത്തല്‍. ഉണ്ണികൃഷ്ണന് പോറ്റിക്ക് പാളി കൈമാറാന്‍
നീക്കം ആരംഭിച്ചത് ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമെന്നാണ് വ്യക്തമാക്കുന്നത്. പിന്നാലെ കത്തിടപാട് ഉള്‍പ്പടെ ആരംഭിച്ചു. ബോര്‍ഡില്‍ വിവരങ്ങള്‍ കൈമാറിയതും പത്മകുമാറാണ്. പത്മകുമാറിന്റെ ആസ്തി വിവരങ്ങളില്‍ എസ്ഐടി വിശദമായ അന്വേഷണം നടത്തും. സ്വര്‍ണ്ണക്കൊള്ളയില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.


