കെ സുരേന്ദ്രന്റെ ബിജെപിയിലേക്കുള്ള ക്ഷണം തമാശയാണെന്ന് കെ മുരളീധരൻ. ആ തമാശ താനും ആസ്വദിച്ചുവെന്ന് കെ മുരളീധരൻ പറഞ്ഞു. കോൺഗ്രസ് വിട്ട് മറ്റൊരു പാർട്ടിയിലേക്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ അവഗണന തുടർന്നാൽ പൊളിറ്റിക്കൽ റിട്ടയർമെൻ്റ് എടുക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു.
അമ്മയെ അവഹേളിച്ചവന് വേണ്ടി വോട്ട് പിടിക്കേണ്ട ഗതികേടിലാണ് മുരളീധരൻ എന്ന ആക്ഷേപത്തോടും മുരളീധരൻ പ്രതികരിച്ചു. അമ്മയെ ഇതിലേക്ക് വലിച്ചിഴക്കരുത്. പാലക്കാട്ടെ വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാം. പിവി അൻവർ വയനാട് സ്വാധീനമുള്ളയാളാണ്. അതിനാൽ വോട്ട് 5 ലക്ഷത്തിലെത്തിക്കാൻ സഹകരിക്കും. പാലക്കാടും ചേലക്കരയിലും അൻവറിന് സ്വാധീനമില്ല. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥികളെ മാറ്റില്ല. സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്ന് അൻവറിന് കത്ത് കൊടുത്തില്ലെന്നും മുരളീധരൻ പറഞ്ഞു. വയനാട് പ്രചാരണത്തിന് പോകും. പാലക്കാട്, ചേലക്കര പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. അൻവർ വിഷയം രാഷ്ട്രീയത്തിൽ ഒന്നും ഒന്നും രണ്ടല്ല. അത് പൂജ്യമാവരുത്. അൻവറിനോട് യോജിപ്പും വിയോജിപ്പുമില്ല. നാളെ ഗോവിന്ദൻ മാഷ് വോട്ട് താരാമെന്ന് പറഞ്ഞാലും വാങ്ങുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
പാലക്കാടോ ചേലക്കരയിലോ അൻവറിന് സ്വാധീനം ഉണ്ടെന്ന് തങ്ങൾ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വയനാട് പിന്തുണ നൽകിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുരളീധരൻ പറഞ്ഞു. അതേസമയം സ്ഥാനാർത്ഥികളെ വെച്ച വിലപേശുന്നത് ശരിയല്ല. രമ്യ ഹരിദാസിനെ പിൻവലിച്ച് ഒരു സന്ധിക്കും തയാറാല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയാണ് രമ്യ ഹരിദാസ്. കോൺഗ്രസിന് വേണ്ടാത്ത സ്ഥാനാർത്ഥിയാണെന്ന പ്രചാരണം ദൗർഭാഗ്യകരമെന്ന് കെ മുരളീധരൻ പറഞ്ഞു.


