തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ലെയ്സൺ ഓഫീസറായി നിയമിച്ച എ വേലപ്പൻനായർക്ക് ശമ്പളം, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ശമ്പളം നൽകുന്ന പൊതുഭരണവകുപ്പ് അക്കൗണ്ടിൽ നിന്നാകുമെന്ന് പുതിയ ഉത്തരവ്. ശമ്പളം ഏത് അക്കൗണ്ടിൽ നിന്നാണെന്ന് എജീസ് ഓഫീസ് സംശയം ചോദിച്ച സാഹചര്യത്തിലാണ് ഉത്തരവ്. അതേസമയം, നിയമനം വിവാദമായിട്ടും ഒരു ലക്ഷം രൂപയിലേറെ വരുന്ന ശമ്പളത്തിലും ആനൂകൂല്യങ്ങളിലും ഒരു കുറവും വരുത്തിയിട്ടില്ല.
പ്രളയകാലത്ത് ഖജനാവ് ചോർത്തുന്ന പുതിയ നിയമനവുമായി സർക്കാർ മുന്നോട്ട് തന്നെ നീങ്ങുകയാണ്. ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനായി നിയമിച്ച സ്പെഷ്യൽ ലെയ്സൺ ഓഫീസർ വേലപ്പൻനായർക്ക് പൊതുഭരണവകുപ്പിന്റെ സി അക്കൗണ്ടിൽ നിന്നാണ് ശമ്പളം നല്‍കുന്നത്. നിയമന ഉത്തരവിൽ ശമ്പളം ഏത് അക്കൗണ്ടിൽ നിന്നായിരിക്കുമെന്ന് വ്യക്തമായി പറഞ്ഞിരുന്നില്ല. ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനമായതിനാൽ ശമ്പള കാര്യത്തിൽ ഏജീസ് ഓഫീസ് വ്യക്തത തേടിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്.