തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും. നാലുദിവസംകൂടി കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ചില ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 25-ഓടെ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് ഇപ്പോഴത്തെ നിഗമനം. ഞായറാഴ്ച ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കി, കാസര്‍കോട് ജില്ലകളിലും, ചൊവ്വാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, ചൊവ്വ: കോട്ടയം, എറണാകുളം, തൃശൂര്‍, ബുധന്‍: ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.
മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം ശക്തമാണ്. കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കിയിലും കാസര്‍കോട്ടും ഉരുള്‍പൊട്ടി. മഴ ശക്തമായതോടെ സംസ്ഥാനത്ത് 10 ദുരിതാശ്വാസ ക്യാമ്ബുകളിലായി 181 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരത്ത് മൂന്നും ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ രണ്ടും കൊല്ലത്ത് ഒരു ക്യാമ്ബുമാണ് തുറന്നത്. കഴിഞ്ഞ രണ്ടുദിവസത്തെ ശക്തമായ മഴയില്‍ 11 വീടുകള്‍ പൂര്‍ണമായും 71 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
മഴക്കെടുതിയില്‍ എറണാകുളം ജില്ലയില്‍ ഒരാള്‍ മരിച്ചു. ലോഗോ ജങ്ഷനില്‍ കബീറിന്റെ മകന് റാഫി (14) കൂട്ടുകാരോടൊപ്പം വീടിനു സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിക്കുകയായിരുന്നു. ഇതോടെ രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി.
വെള്ളിയാഴ്ച നീണ്ടകരയ്ക്കടുത്ത് വള്ളംമറിഞ്ഞ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തമിഴ്നാട് കൊല്ലംകോട് നീരോടി സ്വദേശികളായ ജോണ്‍ ബോസ്കോ, ലൂര്ദ്രാജ്, സഹായ രാജ് എന്നിവരെയാണു കാണാതായത്. കിടങ്ങൂര്‍ കാവാലിപ്പുഴയില്‍ കാണാതായ ചേര്‍പ്പുങ്കല്‍ കളപ്പുരയ്കല്‍ മനേഷ് സെബാസ്റ്റ്യനെ കണ്ടെത്തിയിട്ടില്ല.


