ഇടുക്കി: ഇടുക്കി പഞ്ചാലിമേട്ടിലെ ഭൂമി കയ്യേറ്റ വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ. പാഞ്ചാലിമേട്ടിൽ ദേവസ്വം ബോർഡിന് 22 ഏക്കർ സ്ഥലമുണ്ടെന്നും ഇത് അളന്ന് തിരിച്ചിടുമെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. ഇതിന് ശേഷം മാത്രമേ കയ്യേറ്റം ഉണ്ടായോ എന്ന് അറിയാനാകൂ. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുകയെന്നും എ പത്മകുമാർ പറഞ്ഞു. പാഞ്ചാലിമേട് സന്ദർശിച്ച ശേഷമായിരുന്നു, ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രതികരണം.
പാഞ്ചാലിമേട്ടില്‍ പുതിയതായി കുരിശ് നാട്ടിയത് സര്‍ക്കാര്‍ ഭൂമിയിലാണോ അതോ ദേവസ്വം ബോര്‍ഡിന്റെ ഭൂമിയിലാണോ എന്ന് അറിയിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പത്ത് ദിവസത്തിനകം ഇക്കാര്യത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും മറുപടി നല്‍കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് ശേഷം ജൂലൈ ഒന്നിന് ഇക്കാര്യം ഹൈക്കോടതി വീണ്ടും പരിഗണിക്കും.
അതിനിടെ കുരിശ് വിവാദത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ നേതൃത്വത്തില്‍ തീവ്ര ഹിന്ദു സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് പാഞ്ചാലിമേട്ടില്‍ തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ഇവര്‍ നാമജപ പ്രതിഷേധം നടത്തി.

