കെഎസ്ആര്‍ടിസിയിലെ കണിയാപുരം ഡിപ്പോയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ സൂപ്രണ്ട് കെ. സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. ഡിപ്പോയിലെ വനിതാ ജീവനക്കാരിയെ ഭീഷണിപ്പെടുത്തുകയും അപമര്യാതയായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ആണ് നടപടി. യൂണിറ്റില്‍ ജനറല്‍ വിഭാഗം സൂപ്രണ്ട് ഉണ്ടായിരിക്കെ ടി&സി സൂപ്രണ്ടായ സുരേഷ്കുമാര്‍ ജനറല്‍ വിഭാഗത്തിലെ ജോലികളില്‍ അനാവശ്യമായി കൈകടത്തി പരാതിക്കാരിയെ തൊഴില്‍പരമായി ബുദ്ധിമുട്ടിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.
തൊഴില്‍ സ്ഥലത്ത് വനിതാ ജീവനക്കാരെ മാനസികമായോ, ശാരീരികമായോ പീഡിപ്പിക്കുന്നത് കുറ്റകരമെന്ന് അറിയാവുന്ന സൂപ്പര്‍വൈസറി കേഡറിലുള്ള സുരേഷ് കുമാറിന്റെ പ്രവര്‍ത്തി അച്ചടക്ക ലംഘനവും, സ്വഭാവ ദൂഷ്യവും കോര്‍പ്പറേഷന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതുമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സിഎംഡിയാണ് സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.
ഇതോടൊപ്പം പ്രിവന്‍ഷന്‍ ഓഫ് സെക്സ്ഷ്യല്‍ ഹരാസ്മെന്റ് അറ്റ് വര്‍ക്ക് പ്ലയിസ് ആക്ട് പ്രകാരം സ്ഥാപനത്തിലെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി ഈ വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.


