പൊതുവിപണിയില്‍ വറ്റല്‍ മുളകുവില 300 രൂപ കടന്നതോടെ സപ്ലൈകോ സ്റ്റോറുകളില്‍ വന്‍തിരക്ക്. സ്റ്റോറുകളില്‍ മുളകെത്തിയാല് ഉടനെ തീരുന്ന സ്ഥിതി. തിരക്കുകാരണം ടോക്കണ്‍ വഴിയാണ് വിതരണം. ഇതുവാങ്ങാന്‍ പുലര്‍ച്ചെ അഞ്ചിന് വരി തുടങ്ങുന്ന സ്റ്റോറുകളും ഉണ്ട്.
സ്റ്റോക്ക് വന്നതറിയാനായി ചില സ്ഥലങ്ങളില്‍ വാട്സാപ്പ് ഗ്രൂപ്പുകള്‍ വരെ സജീവമായി തുടങ്ങി. സ്ഥാപനങ്ങളിലെ ജീവനക്കാരോ വീട്ടുകാരോ ആണ് ഗ്രൂപ്പുകളുടെ അഡ്മിന്. മുളകിനാണ് ഇത്തവണ ആവശ്യക്കാര്‍ ഏറെ.
ഒരു കാര്‍ഡ് ഉടമയ്ക്ക് സബ്സിഡി നിരക്കില്‍ അരക്കിലോ മുളകാണ് കിട്ടുക. 39 രൂപയാണിതിന് സപ്ലൈകോയില്‍. സബ്സിഡിയില്ലാതെ 280 രൂപയ്ക്ക് ഒരുകിലോവരെ നല്‍കിയിരുന്നതാണ്. ലഭ്യത കുറഞ്ഞപ്പോള്‍ പരിമിതപ്പെടുത്തിയതാണെന്ന് സപ്ലൈകോ അധികൃതര്‍ പറഞ്ഞു.
സ്റ്റോറുകളില്‍ ഒരുദിവസം 150 മുതല്‍ 200 വരെ ടോക്കണാണ് കൊടുക്കുന്നത്. മറ്റു സാധനങ്ങളുണ്ടെങ്കിലും മുളകിനാണ് ആവശ്യക്കാര്‍ കൂടുതല്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് മുളകിന് 200 രൂപ കടന്നത്. ഒരു വര്‍ഷം മുമ്പുവരെ കിലോയ്ക്ക് 160,180 ആയിരുന്നു വില. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് മുളകിന്റെ വിളവെടുപ്പ്. അതിനാല്‍ ഈ മാസങ്ങളില്‍ മുളകിന്റെ വില കുറയുകയായിരുന്നു പതിവ്. ബ്രാന്‍ഡഡ് മുളകുപൊടിക്ക് കിലോയ്ക്ക് 330 മുതലാണ് വില.


