കാഠ്മണ്ഡു: നേപ്പാളില്‍ വിനോദസഞ്ചാരത്തിന് പോയ എട്ടു മലയാളികള്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നില്‍ കാര്‍ബണ്‍ മോണോക്സൈഡ് എന്ന നിശബ്ദ കൊലയാളി. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രവീണ്‍കുമാര്‍, ഭാര്യ ശരണ്യ മക്കളായ അഭിനവ് സൂര്യ കോഴിക്കോട് സ്വദേശികളായ രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകന് വൈഷ്ണവ് എന്നിവരുടെ മരണത്തിനു കാരണമായത് ഇവര്‍ താമസിച്ച മുറിയിലെ ഹീറ്ററില്‍നിന്നു പുറത്തു വന്ന കാര്‍ബണ്‍ മോണോക്സൈഡ് മൂലമാണെന്നാണ് പ്രാഥമിക നിഗമനം. കൊടും തണുപ്പായിരുന്നതിനാല്‍ ഇവര്‍ താമസിച്ച റിസോര്‍ട്ടിലെ എല്ലാ മുറികളിലും ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഹീറ്ററിന്റെ തകരാറു മൂലം കാര്‍ബണ്‍ മോണോക്സൈഡ് ലീക്ക് ചെയ്തതതാണ് മരണകാരണമെന്നു കരുതുന്നു.
പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന ഹീറ്ററുകളിലെ താപപ്രവര്ത്തനങ്ങളുടെ ഏറ്റക്കുറച്ചില്‍ മൂലം ഉണ്ടാകുന്ന വാതകമാണ് കാര്‍ബണ്‍ മോണോക്സൈഡ്. ഇതിന് മണമോ നിറമോ ഇല്ലാത്തതിനാല്‍ ഏറെ അപകടകാരിയാകുന്നു. നമ്മള് അറിയാതെ തന്നെ ഇത് ശ്വാസകോശത്തില്‍ പ്രവേശിക്കുകയും ഉടന്‍ തന്നെ രക്തത്തില്‍ കലരുകയും ചെയ്യും. ഇതിലൂടെയാണ് മരണം സംഭവിക്കുന്നത്.
കാര്‍ബണ്‍ മോണോക്സൈഡ് രക്തത്തില്‍ കലര്‍ന്നാല്‍ ശരീരത്തിലെ ഓക്സിജന്റെ അളവ് ഗണ്യമായി കുറയുകയും ക്രമേണ ശ്വസിക്കുന്നയാള്‍ അബോധാവസ്ഥയിലേയ്ക്കു പോവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. അടച്ചിട്ട മുറിയിലാണ് കാര്‍ബണ്‍ മോണോക്സൈഡ് ലീക്കാവുന്നതെങ്കില് രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണ്. ഉറക്കത്തിനിടയിലാണ് ലീക്ക് സംഭവിക്കുന്നതെങ്കില്‍ വളരെ നിശബ്ദമായി മരണത്തിലേക്ക് പോവുകയാണ് ചെയ്യുന്നത്.


