എൽ.ഡി.എഫ് തകർച്ച എന്ന നുണപ്രചാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ പൊളിച്ചടുക്കിയെന്ന് മന്ത്രി വി ശിവൻകുട്ടി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കേരളത്തിൽ വലിയൊരു പ്രചാരണം നടന്നിരുന്നു. യു.ഡി.എഫിന് വൻ മുന്നേറ്റമാണെന്നും, എൽ.ഡി.എഫ് ഒലിച്ചുപോയി എന്നും, ബി.ജെ.പി അത്ഭുതങ്ങൾ സൃഷ്ടിച്ചു എന്നുമൊക്കെയായിരുന്നു ആഖ്യാനങ്ങൾ. എന്നാൽ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ പുറത്തുവിട്ട കൃത്യമായ വോട്ട് ഷെയർ കണക്കുകൾ ഈ വാദങ്ങളുടെ മുനയൊടിക്കുന്നതാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുറത്തുവന്ന കണക്കുകൾ പ്രകാരം യു.ഡി.എഫ് 38.81% വോട്ട് നേടിയപ്പോൾ, എൽ.ഡി.എഫ് 33.45% വോട്ട് നേടിയിട്ടുണ്ട്. ഇവിടെയാണ് നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ടൊരു കാര്യം. ‘മറ്റുള്ളവരും സ്വതന്ത്രരും’ എന്ന വിഭാഗത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് 13.03% വോട്ടാണ്. നമുക്കറിയാവുന്നതുപോലെ, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നല്ലൊരു ശതമാനം സ്വതന്ത്ര സ്ഥാനാർത്ഥികളെ രംഗത്തിറക്കിയിട്ടുണ്ട്. പാർട്ടി ചിഹ്നത്തിൽ അല്ലാതെ മത്സരിച്ച ഈ എൽ.ഡി.എഫ് സ്വതന്ത്രരുടെ വോട്ടുകൾ സാങ്കേതികമായി 33.45% എന്ന എൽ.ഡി.എഫ് വോട്ട് ഷെയറിൽ ഉൾപ്പെട്ടിട്ടില്ല. ആ വോട്ടുകൾ കൂടി ചേർത്തുവെച്ച് വായിക്കുമ്പോൾ ഇടതുപക്ഷത്തിനുള്ള ജനപിന്തുണ എവിടെയും പോയിട്ടില്ല എന്ന് വ്യക്തമാകുകയാണ്.
തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി എന്ന് കൊട്ടിഘോഷിച്ച തിരുവനന്തപുരം കോർപ്പറേഷനിൽ പോലും, വോട്ടിന്റെ എണ്ണത്തിൽ എൽ.ഡി.എഫ് ആണ് മുന്നിൽ (LDF: 34.65%, NDA: 34.52%). സീറ്റുകളുടെ എണ്ണത്തിലുണ്ടായ വ്യത്യാസം വോട്ട് വിഹിതത്തിൽ ഇല്ല എന്ന് ഇത് തെളിയിക്കുന്നു. സംസ്ഥാനത്തെ മൊത്തം വോട്ട് ഷെയർ പരിശോധിച്ചാലും ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി. എ. വോട്ട് വിഹിതത്തിൽ (14.71%) വളർച്ചയില്ല എന്ന് വ്യക്തമാകും. മാത്രമല്ല തളർച്ചയുണ്ട് താനും


