വയനാട്: വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ പ്രദേശത്ത് പ്രതിഷേധം ശക്തം. വണ്ടിക്കടവ് ഫോറസ്റ്റേഷന് മുമ്പിലാണ് പ്രതിഷേധം. മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ. ഭീകരമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഒന്നരമാസം മുമ്പ് തന്നെ കടുവയുടെ സാന്നിധ്യം അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ നടപടിയെടുക്കാൻ തയാറായില്ല. പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും നാട്ടുകാർ പറഞ്ഞു. ഇതിൽ ഒരു ഉറപ്പ് കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും ഇവർ പറഞ്ഞു.
അതിനിടെ വയനാട് ഉള്‍വനത്തില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ട സംഭവത്തില്‍ കടുവയെ കണ്ടെത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വനം വകുപ്പ് നടപടികള്‍ ആരംഭിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു. ഉള്‍വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ഉന്നതിയില്‍ താമസിക്കുന്ന ആളാണ് മരണപ്പെട്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനും മറ്റ് തുടര്‍നടപടികളും വനം വകുപ്പ് നടത്തുന്നതാണ്.


