കണ്ണൂര്‍: പാനൂര്‍ വടക്കെ പൊയിലൂരില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു. പാനൂര്‍ കുരുടൻകാവ് ഭഗവതി ക്ഷേത്രത്തില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.ഉത്സവത്തിന് തിടമ്ബേറ്റി എഴുന്നള്ളിപ്പിനെത്തിയ മൂന്ന് ആനകളിലൊന്നാണ് ഇടഞ്ഞത്. മറ്റൊരാന ആക്രമിച്ചതാണ് ഇടയാൻ കാരണമായത്. ഇതോടെ കലിതുള്ളിയ ആന അങ്ങോട്ടുമിങ്ങോട്ടും നടന്നു. പുറത്തുണ്ടായിരുന്ന പൂജാരിയെ വലിച്ചുതാഴെയിട്ടു. ആന ആക്രമിക്കാനോങ്ങിയെങ്കിലും ചവിട്ടേല്‍ക്കാതെ തലനാരിഴയ്ക്കാണ് പൂജാരി രക്ഷപ്പെട്ടത്.
ആന ഇടഞ്ഞതോടെ ജനം പേടിച്ച് ഓടി. നൂറുകണക്കിനാളുകള്‍ സംഭവസമയം ക്ഷേത്രവളപ്പിലുണ്ടായിരുന്നു. പാപ്പാന്മാര് ഏറെ ശ്രമിച്ചിട്ടും ആന മെരുങ്ങാൻ കൂട്ടാക്കിയില്ല. ഒടുവില്‍ ബുധനാഴ്ച പുലര്‍ച്ചെ തൃശൂരില്‍ നിന്നെത്തിയ എലിഫന്റ് സ്ക്വാഡാണ് ആനയെ തളച്ചത്. തുടര്‍ന്ന് ആനയെ വേങ്ങേരിയിലെ ആനത്തറയിലേക്ക് മാറ്റി.


