കൊച്ചി: കെ എം ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധി ശരിവച്ച് ഇന്ന് രാവിലെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഉച്ചയ്ക്ക് ശേഷം സ്റ്റേ ചെയ്തു. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് ഈ വിധിയും ഹൈക്കോടതി സ്റ്റേ ചെയ്തത്. നേരത്തേ നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയിലും ആദ്യം വിധി പറഞ്ഞ് ഉച്ചയ്ക്ക് ശേഷം വിധി ഹൈക്കോടതി സ്റ്റേ ചെയ്ത് നല്‍കിയിരുന്നു.
ഷാജിയെ അയോഗ്യനാക്കണമെന്ന് കാണിച്ചാണ് അഴീക്കോട് മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകനായ ബാലന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണ് നേരത്തേയുള്ള വിധി ശരിവച്ച് ഹൈക്കോടതി വീണ്ടും വിധി പുറപ്പെടുവിച്ചത്. 
നവംബര്‍ 9-നാണ് ഷാജിയെ അയോഗ്യനാക്കി ആദ്യം ഹൈക്കോടതി വിധി പറഞ്ഞത്. അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയപ്രചാരണം നടത്തിയെന്ന് കാണിച്ച് എം വി നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് ഷാജിയെ അയോഗ്യനാക്കിയത്. അടുത്ത ആറ് വര്‍ഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മത്സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ തനിയ്ക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടതുണ്ടെന്നും ആ കാലയളവില്‍ അഴീക്കോട് മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നും കാണിച്ച് ഷാജി നല്കിയ അപ്പീലിലാണ് വിധി അന്ന് ഹൈക്കോടതി സ്റ്റേ ചെയ്ത് നല്‍കിയത്. എംഎല്‍എ പദവിയില്‍ തുടരാമെന്നും എന്നാല്‍ ആനുകൂല്യങ്ങളൊന്നും കിട്ടില്ലെന്നും ഹൈക്കോടതി അന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം, ആദ്യ ഹര്‍ജിയിലെ വാദത്തിനിടെ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് വളപട്ടണത്തെ മുന്‍ എസ് ഐക്കെതിരെ കെ എം ഷാജി നല്കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. അയോഗ്യത കല്പിക്കാന് ഇടയായ വര്‍ഗീയ പരാമര്‍ശമുള്ള നോട്ടീസ് യു ഡി എഫ് കേന്ദ്രത്തില്‍ നിന്ന് പിടിച്ചെടുത്തു എന്നായിരുന്നു എസ് ഐയുടെ മൊഴി. എന്നാല്‍, ഈ ലഘുലേഖ പിറ്റേന്ന് സി പി എം പ്രവര്ത്തകന് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് നല്‍കിയതാണെന്ന് കാണിക്കുന്ന രേഖ സഹിതമാണ് ഷാജിയുടെ ഹര്‍ജി.

