ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഏഴുവര്‍ഷങ്ങള്‍ക്കുശേഷമാണ് വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 2012 ജൂണിലാണ് സംഭവം. കേസില്‍ തുടര്‍ നടപടികള്‍ വൈകുന്നതിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കേസ് എന്തുകൊണ്ട് തീര്‍പ്പാക്കുന്നില്ലെന്ന് മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്നും മജിസട്രേറ്റ് കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തിലാണ് വനം വകുപ്പ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.മോഹന്‍ലാലിനെ പിന്തുണച്ച് ഹൈക്കോടതിയിലടക്കം മൂന്നുവട്ടം റിപ്പോര്‍ട്ട് നല്‍കിയശേഷമാണു വനം വകുപ്പിന്റെ മലക്കംമറിച്ചില്‍. വന്യമൃഗസംരക്ഷണനിയമത്തിലെ വകുപ്പുകള്‍ ഈ കേസില്‍ ബാധകമല്ലെന്നായിരുന്നു വനംവകുപ്പിന്റെ ആദ്യനിലപാട്.എന്നാല്‍ ഇപ്പോള്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആനക്കൊമ്പ് കൈവശം വെക്കുന്നതും കൈമാറ്റം ചെയ്യുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്ന് പറയുന്നു.
മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തിരുന്നു. മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് മോഹന്‍ലാല്‍ ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും പിന്നീട് വ്യക്തമായി. കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്പുകള്‍ വാങ്ങിയെന്നായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം.


