സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ വിമർശനത്തിൽ പ്രതികരിച്ച് ഡോ. ശശി തരൂർ എംപി. ആരെ കുറിച്ചും ഒന്നും പറയുന്നില്ലെന്ന് ശശി തരൂർ പറഞ്ഞു. വിമർശനങ്ങളിൽ ആർക്കെതിരെയും ഒരു പരാതിയുമില്ലെന്നും വിമർശനവും ഇല്ലെന്നും ശശി തരൂർ വ്യക്തമാക്കി. ശശി തരൂരിനെ വിമർശിച്ച് കെ മുരളീധരനും രാജ്മോഹൻ ഉണ്ണിത്താനും രംഗത്തെത്തിയിരുന്നു.
ശശി തരൂരിനെ കോൺഗ്രസിനൊപ്പം കൂട്ടുന്നില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. തരൂരിനൊപ്പമുള്ളവർ കോൺഗ്രസ് തകരണമെന്ന് ആഗ്രഹിക്കുന്നവരെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു. കോൺഗ്രസിന്റെ രക്തം സിരകളിൽ ഓടുന്ന ആരും ഇന്ദിരാഗാന്ധിയെ വിമർശിക്കാൻ തയ്യാറാകില്ല. കോൺഗ്രസിന്റെ ദോഷൈകദൃക്കുകൾ അല്ലാതെ മറ്റാരും ശശി തരൂരിന് പിന്തുണയ്ക്കില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കോൺഗ്രസ് പാർട്ടിയെ കൊണ്ട് നേടാവുന്നതെല്ലാം ശശിതരൂർ നേടിയിട്ടുണ്ട്. കോൺഗ്രസിന്റെ ഭാഗമല്ലാതെ എന്തെങ്കിലും നേടാൻ ഉണ്ടോ എന്നാണ് അദ്ദേഹം ഇപ്പോൾ ചിന്തിക്കുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. അതേസമയം കോൺഗ്രസിനുള്ളിൽ നിന്ന് ഉയരുന്ന വിമർശനങ്ങളെ തള്ളി കഴിഞ്ഞദിവസം ശശി തരൂർ രംഗത്തെത്തിയിരുന്നു. ആദ്യം രാജ്യം, പിന്നെ പാർട്ടി എന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ശശി തരൂർ വ്യക്തമാക്കിയിരുന്നു.
ദേശീയ സുരക്ഷയുടെ കാര്യത്തിൽ മറ്റ് പാർട്ടികളുമായി സഹകരിക്കേണ്ടി വരും. എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയാണ് താൻ സംസാരിച്ചതെന്നും തരൂർ പറഞ്ഞു. അടിയന്തരാവസ്ഥയെ കുറിച്ചുള്ള ലേഖനത്തിൽ പുതുമയില്ലെന്നും താൻ നേരത്തെ എഴുതിയ കാര്യങ്ങൾ ആവർത്തിക്കുക മാത്രമാണ് ഉണ്ടായതെന്നും ഡോ. ശശി തരൂർ വിശദീകരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യനെന്ന് സർവേ നടത്തിയത് താനല്ലല്ലോയന്നും സർവേയെക്കുറിച്ച് അത് നടത്തിയവരോട് ചോദിക്കണമെന്നും ശശി തരൂർ പറഞ്ഞിരുന്നു.