തിരുവനന്തപുരം: പത്തനംതിട്ടയിൽ ഞായർ, തിങ്കൾ ദിവസങ്ങളില്‍ കൂടി യെല്ലോ അലർട്ട്. മൂഴിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ ഏതു സമയവും തുറന്നുവിട്ടേക്കുമെന്ന അറിയിപ്പുമുണ്ട്. ഷട്ടർ തുറന്നാൽ മൂഴിയാർ, ആങ്ങമുഴി, സീതത്തോട് എന്നീ സ്ഥലങ്ങളിലൂടെ ഒഴുകുന്ന കക്കാട്ടാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.
പെരിങ്ങൽകുത്ത് ഡാമിൻ്റെ നാലു ഷട്ടറുകളും തുറന്നു. ഉച്ചയ്ക്ക് 12ന് രണ്ടെണ്ണം രണ്ടടി വീതം ഉയർത്തി. ജലനിരപ്പ് ഉയർന്നതിനാൽ 2.30 ഓടെ മറ്റു രണ്ടു ഷട്ടറുകളും ഉയർത്തി. മഴ തുടരുന്നതിനാൽ മറ്റു ഷട്ടറുകളും ഉയർത്താൻ സാധ്യതയുണ്ടെന്ന് ഡാം സുരക്ഷാ വിഭാഗം അറിയിച്ചു. ചാലക്കുടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശം. ശനിയാഴ്ച മുതൽ ജൂലൈ 22 വരെ സംസ്ഥാനത്തെ മറ്റു ആറു ജില്ലകളിൽ റെഡ് അലർട്ടും ജൂലൈ 24 വരെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ നാളെയും 22-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കേന്ദ്രകാലാവസ്ഥാ വകുപ്പ് എല്ലാ ജില്ലകളും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.


