ഭാരതാംബ വിവാദത്തിൽ നിയമപരമായ നടപടികളിലേക്ക് കടക്കാൻ സർക്കാർ. ഇത് സംബന്ധിച്ച് ലോ സെക്രട്ടറിയോട് നിയമോപദേശം തേടി. ചീഫ് സെക്രട്ടറിയാണ് വിവാദത്തിൽ സർക്കാരിന് എന്തൊക്കെ ചെയ്യാനാകുമെന്ന് ചോദിച്ചിരിക്കുന്നത്. രാജ്ഭവനിലെ പരിപാടിയിൽ എന്തൊക്കെ ചിഹ്നങ്ങൾ വെക്കണമെന്ന പ്രോട്ടോക്കോൾ ഉണ്ടോ, മന്ത്രിസഭക്ക് ഇക്കാര്യത്തിൽ ഉപദേശം നൽകാനാകുമോ എന്ന് വ്യക്തമാക്കണമെന്നാണ് നിർദേശം. മറുപടിക്ക് ശേഷം സർക്കാർ തുടർനടപടികൾ സ്വീകരിക്കും. രാജ്ഭവനിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ നടപടി പ്രോട്ടോക്കേൾ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് രാജ്ഭവൻ പ്രസ്താവന ഇറക്കിയിരുന്നു.
ഇന്നലെയാണ് രാജ്ഭവനിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത്. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാജ്ഭവൻ തനി രാഷ്ട്രീയ കേന്ദ്രമാകുകയാണെന്നും കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം താൻ പരിപാടി ബഹിഷ്കരിക്കുകയായിരുന്നെന്നും ശിവന്‍കുട്ടി നേരത്തെ പ്രതികരിച്ചിരുന്നു.


