സംസ്ഥാനത്ത് പച്ചക്കറി വില ഉയർന്നു. മഴയില്ലാത്തതിനാൽ തമിഴ്നാട്ടില്‍ പച്ചക്കറി ഉത്പാദനം കുറഞ്ഞതാണ് വിലവർധനവിന് കാരണം. തമിഴ്നാട് അതിര്‍ത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്. ഇതോടെ പച്ചക്കറി വില അടുത്തെങ്ങും കുറയില്ലെന്നാണ് സൂചന. നേരത്തെ പടവലം 15 രൂപയായിരുന്നു വില ഇപ്പോളത് 25 രൂപയായി ഉയര്‍ന്നു.
25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്ക് എത്തി. ബീൻസിന് 160 രൂപയാണ് നിരക്ക്. തക്കാളി വിലയും 100 ലേക്ക് അടുത്തിട്ടുണ്ട്. വിലക്കയറ്റം സാധാരണക്കാരെ കാര്യമായി ബാധിച്ച് തുടങ്ങി. സാധാരണ രാവിലെ വേലന്താവളം പച്ചക്കറി മാര്‍ക്കറ്റില്‍ എത്തിയാല്‍ കാലുകുത്താന്‍ ഇടം ഉണ്ടാകില്ല. പച്ചക്കറി ചാക്കുകള്‍ കുന്നു കൂടി കിടക്കും. പക്ഷെ ഇപ്പോള്‍ ഇതാണ് കാലിയാണ് ആ ചന്ത. ഉത്പാദനം കുറഞ്ഞതിനാൽ വരും ദിവസങ്ങളിലും പച്ചക്കറി വില വർധനവ് തുടരാനാണ് സാധ്യത. സർക്കാർ സംവിധാനങ്ങൾ ഇടപെട്ട് വില നിയന്ത്രിക്കണമെന്നാണ് ആവശ്യം.പാലക്കാടന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള പച്ചക്കറികളാണിപ്പോള്‍ വേലന്താവളം മാര്‍ക്കറ്റില്‍ കൂടുതലായി എത്തുന്നത്. എറണാകുളം , തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ പോകുന്നത് വേലന്താവളം മാര്‍ക്കറ്റ് വഴിയാണ്.