തിരുവനന്തപുരം: എ.ഐ. ക്യാമറ സംബന്ധിച്ച കേസില്‍ സര്‍ക്കാരിന് തിരിച്ചടിയില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ‘പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഹര്‍ജിക്കാരുടെ ആവശ്യം എ.ഐ. പദ്ധതി നിര്‍ത്തിവെക്കണമെന്നായിരുന്നു. എന്നാല്‍, ഈ ആവശ്യം ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരെ പ്രശംസിച്ചുകൊണ്ട് ഒരു ഉത്തരവും ഇറങ്ങിയിട്ടില്ല’, മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സമഗ്രമായ പരിശോധനകള്‍ നടത്തി കെല്‍ട്രോണും മോട്ടോര്‍ വാഹനവകുപ്പും തമ്മില്‍ കരാര്‍ ഉണ്ടാക്കിയ ശേഷം മാത്രമേ കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് പണം നല്‍കൂ എന്നതാണ് മന്ത്രിസഭാ തീരുമാനം. ക്യാമറ പ്രവര്‍ത്തിപ്പിക്കുന്നതിന് കരാറിന്റെ ആവശ്യമില്ല. പണം നല്‍കുന്നതിനാണ് കരാറിന്റെ ആവശ്യം’, മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹര്‍ജിക്കാരുടെ ആവശ്യം തള്ളിയെന്നും പ്രതിപക്ഷത്തെ പ്രശംസിച്ചുകൊണ്ടുള്ള ഒരു ഉത്തരവും ഇറങ്ങിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


