കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസിൽ ബിനോയിയെ കസ്റ്റഡിയിലെടുക്കുമെന്ന് മുംബൈ പൊലീസ്. ഇതിനായാണ് അന്വേഷണ സംഘത്തിന് നിർദേശം നൽകിയതെന്നും ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനം എടുക്കുക എന്നും കേരളത്തിലെത്തിയ മുംബൈ പൊലീസ് അറിയിച്ചു. കേരളത്തിലുള്ള പൊലീസ് സംഘം അവിടെത്തന്നെ തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ശൈലേഷ് പാസൽവാർ വ്യക്തമാക്കി.
രേഖകളും ഫോട്ടോകളും തെളിവുകളും ശേഖരിച്ച ശേഷമാണ് മുംബൈയിൽ നിന്നുള്ള പൊലീസ് സംഘം കേരളത്തിലെത്തിയത്. സ്ഥലത്തുണ്ടെങ്കിൽ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തലശ്ശേരി തിരുവങ്ങാട്ടെ വീട്ടിലെത്തിയത്. ആവശ്യമെങ്കിൽ ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള പരിശോധനകളിലേക്ക് പോകാമെന്ന് പൊലീസ് ബിനോയ് കോടിയേരിയുടെ കുടുംബത്തെ ധരിപ്പിച്ചു. ഫോൺ രേഖകൾ അടക്കമുള്ള തെളിവുകൾ ഉണ്ടെന്നും ബിനോയിയുടെ രണ്ട് വീടുകളിലുമെത്തി പൊലീസ് സംഘം കുടുംബത്തെ ബോധ്യപ്പെടുത്തി. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയത്.
എന്നാൽ, ബിനോയിയെ നേരിൽ കാണാൻ മുംബൈ പൊലീസിനായില്ല. ബിനോയിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് നോട്ടീസ് നൽകിയാണ് മുംബൈ പൊലീസ് സംഘം തലശ്ശേരിയിൽ നിന്ന് മടങ്ങിയത്. ബിനോയ് കോടിയേരി ഒളിവിലാണോ എന്നും സംശയിക്കപ്പെടുന്നുണ്ട്. വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് ബിഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പറയുന്നത്.


