കൊച്ചി: സീറോ മലബാർ സഭ വ്യാജരേഖാ കേസില്‍ അറസ്റ്റിലായ ആദിത്യൻ വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്ന് അതിരൂപത. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ബിഷപ് മനത്തോടത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. അറസ്റ്റിലായ ആദിത്യന്റെ ആരോപണങ്ങള്‍ അതിരൂപത തള്ളി. തിരക്കഥ തയ്യാറാക്കിയാണ് പൊലീസ് അന്വേഷണമെന്നാണ് അതിരൂപത ആരോപിക്കുന്നത്. ഫാ ടോണി കല്ലൂക്കാരൻ പറഞ്ഞിട്ടാണ് രേഖ നൽകിയതെന്ന വാദം തെറ്റാണെന്നും അതിരൂപത കൊച്ചിയില്‍ വിശദമാക്കി. കൊച്ചിയിലെ പ്രമുഖ വ്യാപാര കേന്ദ്രത്തിലെ മെയിൻ സെർവറിൽ നിന്നാണ് വ്യാജരേഖ ആദ്യമായി അപ്ലോഡ് ചെയ്തത്. കോന്തുരുത്തി സ്വദേശി ആദിത്യനാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളത്.
കർദിനാളിനും മറ്റു ബിഷപ്പുമാർക്കും എതിരായ രേഖകൾ തനിക്ക് ഇ മെയിലിൽ ലഭിച്ചതെന്നായിരുന്നു വ്യാജ രേഖ കേസിൽ ഒന്നാം പ്രതിയായ ഫാദർ പോൾ തേലക്കാട് പൊലീസിന് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് രേഖകൾ ഇ മെയിലായി അയച്ച കോന്തരുത്തി സ്വദേശി ആദിത്യനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഫാദർ പോൾ തേലക്കാടിനും ഫാദർ ടോണി കല്ലൂക്കാരനുമായി 28 ഈ മെയിലുകളാണ് ആദിത്യന്റെ മെയിൽ ഐഡിയിൽ നിന്ന് അയച്ചിട്ടുള്ളത്. ഇങ്ങനെ വന്ന രേകകളിലാണ് കർദ്ദിനാൾ ആലഞ്ചേരിക്ക് വ്യവസായ സ്ഥപനങ്ങളിൽ നിക്ഷേപമുണ്ടെന്ന് അടക്കം പറയുന്ന രേകകൾ ഉള്ളത്. പോലീസ് അന്വേഷണത്തിൽ ആദിത്യൻ അയച്ച മെയിലിലുള്ള പല രേഖകളും വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് കണ്ടെത്തിയത്.


