ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ മുഖം നോക്കാതെ നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിദഗ്ധ സമിതി അന്വേഷിക്കും. ആരോപണങ്ങളില്‍ വിചിത്ര വാദമുന്നയിച്ച ഡോ. ലളിതാംബികയെ ആരോഗ്യമന്ത്രി തള്ളി. സ്ക്രബ് നഴ്സ് ഇല്ലെങ്കില്‍ എങ്ങനെ ശസ്ത്രക്രിയ നടത്തിയെന്ന് ചോദ്യം. ഡോക്ടറുടെ വീട്ടിലെത്തി പണം നല്കി എന്നതടക്കം കുടുംബത്തിന്റെ ആരോപണവും പരിശോധിക്കും.
വീഴ്ചയുണ്ടെങ്കില്‍ ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസിലും അന്വേഷണമുണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ വിദഗ്ധസമിതി ഇന്ന് പരിശോധനയ്ക്ക് എത്തും. റിപ്പോര്‍ട്ട് പൊലീസിനും കൈമാറുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുടുംബം പറയുന്നത് വിശ്വസിക്കുന്നെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ നിയമപരമായി സ്വീകരിക്കേണ്ടുന്ന എല്ലാ നടപടിയും സ്വീകരിക്കും. റിപ്പോര്‍ട്ട് പോലീസിന് കൈമാറും. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള, നിലവില്‍ സര്‍വീസ് ഉള്ളവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യും. വിരമിച്ചവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി ഉണ്ടാകും – മന്ത്രി വ്യക്തമാക്കി.


