കൊച്ചി: ഡല്‍ഹി മാതൃകയില്‍ കേരളത്തിലും വിര്‍ച്വല്‍ കോടതി സംവിധാനം ആരംഭിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് പിഴയടയ്ക്കാന്‍ കോടതിയില്‍ നേരിട്ടു പോകേണ്ടിവരില്ല. നടപടികളുടെ സുതാര്യത ഉറപ്പുവരുത്താനും കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും ഇതുമൂലം സാധിക്കുമെന്നാണ് പൊലീസ് പറയുന്നത്. സമന്‍സും നോട്ടീസുകളും കെട്ടിക്കിടക്കുന്ന അവസ്ഥ പൂര്‍ണ്ണമായും ഒഴിവാകും.
ഒരു ആപ്പിന്റെ സഹായത്തോടെ ബന്ധപ്പെടാന്‍ കഴിയുന്ന വിര്‍ച്വല്‍ ജഡ്ജിയെ നിയമിക്കുകയാണ് ഹൈക്കോടതി ചെയ്യുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഈ സംവിധാനം ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. ട്രാഫിക് കുറ്റകൃത്യങ്ങള്‍, റെയില്‍വേ കോടതിയുമായി ബന്ധപ്പെട്ട കേസുകള്‍, തൊഴില്‍ സംബന്ധമായ കേസുകള്‍, മുനിസിപ്പല്‍ കേസുകള്‍ എന്നിവ ഈ സംവിധാനത്തിന് കീഴില്‍ വരും.


