തിരുവനന്തപുരം: നവകേരള സദസിനെതിരേ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിക്കുന്ന സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. നവകേരള സദസ് സമാപിക്കുന്ന ഡിസംബര്‍ 23ന് ഡിജിപി ഓഫീസിലേക്ക് കെപിസിസി മാര്‍ച്ച് നടത്തും.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ അതിക്രമം, കായംകുളത്ത് അംഗപരിമിതനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഡിവൈഎഫ്ഐക്കാര്‍ മര്‍ദിച്ച സംഭവം എന്നിവയടക്കമുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന് മാര്‍ച്ച് നയിക്കും. എംഎല്‍എമാരും എംപിമാരും അടക്കമുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുക്കും.ഇതിന് മുന്നോടിയായി സംസ്ഥാനത്തെ 564 പോലീസ് സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബുധനാഴ്ച മാര്‍ച്ച് നടക്കും. ഇതില്‍ അഞ്ച് ലക്ഷത്തിലധികം പേര് പങ്കെടുക്കുമെന്ന് കെപിസിസി അറിയിച്ചു.


