കൊച്ചി: പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമ ഭേദഗതിക്കുമെതിരെ ഭരണഘടന ഉറപ്പ് നല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ മുസ്ലിം സംഘടനകള്‍ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങുന്നു. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജനുവരി ഒന്നിന് എറണാകുളത്ത് സമര പ്രഖ്യാപന സമ്മേളനം നടത്താന്‍ എറണാകുളം കെ.എം.ഇ.എ ഹാളില്‍ ചേര്‍ന്ന വിവിധ മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. എന്‍.ആര്.സിയും പൗരത്വ ഭേദഗതി നിയമവും, ഭരണഘടന വിരുദ്ധവും ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വാരം കോഴിക്കോട് നടന്ന മുസ്ലിം സംഘടനകളുടെ സംയുക്ത വേദിയുടെ തീരുമാന പ്രകാരം ചേര്‍ന്ന യോഗത്തില്‍ കേരളത്തിലെ പ്രമുഖ മുസ്ലിം സംഘടനകളുടെ സമുന്നത നേതാക്കളെല്ലാം പങ്കെടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്ലിം ജമാഅത്ത്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്വത്തുല് മുജാഹിദീന്‍, സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്ലാമി, കെ.എന്‍.എം മര്‍ക്കസുദഅ്വ, മുസ്ലിംലീഗ്, കെ.എം.ഇ.എ, എം.ഇ.എസ്, എം.എസ്.എസ്, വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന്, എറണാകുളം ജില്ലാ ജമാഅത്ത് കൗണ്‍സില്‍, മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി, വിവിധ ജമാഅത്ത് കൗണ്‍സിലുകള്‍ എന്നിവയുടെ പ്രതിനിധികളാണ് സംയുക്ത യോഗത്തില്‍ പങ്കെടുത്തത്.


