എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ വീഴ്ച ഉണ്ടായെന്ന് വെളിപ്പെടുത്തല്‍. കൊവിഡ് രോഗി മരിച്ചത് ചികിത്സാ വീഴ്ച മൂലമാണെന്ന് നഴ്സിംഗ് ഓഫീസര്‍ വെളിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ നിയമനടപടിക്കൊരുങ്ങുകയാണ്.
ഫോര്‍ട്ടുകൊച്ചി സ്വദേശി സി.കെ ഹാരിസിന്റെ മരണം ഓക്സിജന്‍ ലഭിക്കാതെയാണെന്ന് സംഭാഷണത്തില്‍ പറയുന്നുണ്ട്. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണ കാരണം. രോഗിയെ വെന്റിലേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ സാധിക്കാമായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചതെന്നും സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.
കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി നഴ്സുമാരുടെ വാട്്സ്അപ്പ് ഗ്രൂപ്പില്‍ മെഡിക്കല്‍ കോളജിലെ നഴ്സിങ് ഓഫിസര്‍കൈമാറിയതെന്ന് പറയുന്ന ശബ്ദസന്ദേശത്തിലാണ് ഗുരുതരമായ പരാമര്‍ശങ്ങളുള്ളത്. ഇതിന്റെ ഒടുവിലായാണ് മരണങ്ങളെ കുറിച്ചുള്ള പരാമര്‍ശം. അശ്രദ്ധകാരണം പല രോഗികളുടേയും ജീവന് നഷ്ടപ്പെട്ട് പോയിട്ടുണ്ട്. ജൂലൈ 20ന് മരിച്ച ഹാരിസിന്റെ മരണകാരണം വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നതാണ്.
ഹാരിസിന്റെ മരണത്തില്‍ സംശയമുണ്ടായിരുന്നതായും ആശുപത്രി അധികൃതരുടെ പിഴവുമൂലമുള്ള കൊലപാതകമാണ് മരണകാരണമെന്ന് ഇപ്പോള്‍ വ്യക്തമായെന്നും സഹോദരി സൈനബ പറഞ്ഞു. നഷ്ടമായത് അഞ്ച് സഹോദരിമാരുടെ ഏക സഹോദരനെയാണ്. ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡന് എം.പി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്കി.
വാര്‍ഡുകളില്‍ ഉത്തരവാദിത്തത്തോടെ പെരുമാറാത്ത ചില നഴ്സുമാരുണ്ടെന്നും അവര്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ഇത്തരമൊരു ശബ്ദസന്ദേശം നല്‍കിയതെന്നുമാണ് നഴ്സിങ് ഓഫിസര്‍ ജലജാദേവിയുടെ വിശദീകരണം.


