മൂവാറ്റുപുഴ: കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്കാരം നേടിയ ഡോ. അനൂജ അകത്തൂട്ടിന് പിറന്ന നാടൊരുക്കുന്ന സ്വീകരണം 20ന് നടക്കും. പായിപ്ര ഏ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയല്‍ ലൈബ്രറിയുടേയും, പായിപ്ര സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും, പായിപ്ര പൗരാവലിയുടേയും സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണവും ഉപഹാരസമര്‍പ്പണവും നടത്തുകയെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്വീകരണ സമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് 3-ന് കൊച്ചിന് സിംഫണിയുടെ മെഗാഷോയില്‍ സിനി ആര്‍ട്ടിസ്റ്റ് അരിസ്റ്റോ സുരേഷ് പങ്കെടുക്കും 20-ന് വൈകിട്ട് 5-ന് പായിപ്ര സൊസൈറ്റിപ്പടിയിലെ സൈന്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണസമ്മേളനവും ഉപഹാരസമര്‍പ്പണവും മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണം നടത്തും. എല്‍ദോ എബ്രഹാം എം.എല്‍.എ. അനുമോദന പ്രസംഗം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് വായന മത്സര വിജയികള്‍ക്ക് അവാര്‍ഡ് നല്‍കും . ലൈബ്രറി പ്രസിഡന്റ് എം.കെ. ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എം.എസ്. ശ്രീധരന് സ്വാഗതം പറയും. പായിപ്ര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഉപഹാരം ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് ഡോ. അനൂജക്ക് സമ്മാനിക്കും. ജനപ്രതിനിധികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ സംസാരിക്കും. വിവിധ സംഘടനകളുടെ ഉപഹാരങ്ങളും അവാര്‍ഡ് ജേതാവിന് സമ്മാനിക്കും.
അമ്മ ഉറങ്ങുന്നില്ല എന്ന കവിതാ സമാഹാരത്തിനാണ് ഡോ. അനൂജ അകത്തൂട്ടിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം ലഭിച്ചത്. അമ്പതിനായിരം രൂപയും താമ്രഫലകവുമാണ് പുരസ്കാരം. മൂവാറ്റുപുഴ പായിപ്രയില്‍ ജനിച്ച ഡോ. അനൂജ മുന്‍ സാഹിത്യ അക്കാദമി സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്റേയും എഴുത്തുകാരി നളിനി ബേക്കലിന്റേയും മകളാണ്. കേരള വെറ്റിനറി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മുഹമ്മദ് അസ്ലം മുഞ്ചക്കനാണ് ഭര്‍ത്താവ്. ഡല്‍ഹി ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ സ്റ്റാറ്റിക്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രജ്ഞയായി ജോലി ചെയ്യുന്ന അനൂജക്ക് എ.ആര്.എസില്‍ ഒന്നാം റാങ്ക് ലഭിച്ചിരുന്നു. സംഘാടകസമിതി ഭാരവാഹികളായ എം.കെ.ജോര്‍ജ്ജ്, എം.എസ്. ശ്രീധരന്, പായിപ്ര കൃഷ്ണന്, സി.കെ. ഉണ്ണി, ഇ.എസ്. ഷാനവാസ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.