കൊച്ചി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, കൊച്ചിൻ കോർപ്പറേഷനിൽ സന്ദർശകരെ നിയന്ത്രിക്കുമെന്ന് മേയർസൗമിനി ജെയിൻ അറിയിച്ചു. ഓഫീസിൽ എത്തുന്നവർക്ക് തെർമൽസ്കാനിംഗ് സംവിധാനം ഏർപ്പെടുത്തും. കോർപ്പറേഷനിൽ ഹെൽപ് ഡെസ്ക് ഏർപ്പെടുത്തുമെന്നും മേയർ പറഞ്ഞു.
ആശാപ്രവർത്തകരുടെ സഹായത്തോടെ പഞ്ചായത്തുകളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. നഗരത്തിൽ വിവിധ പ്രദേശങ്ങളിലായി അമ്പതോളം സ്ഥലത്ത് ജനങ്ങൾക്ക് ഹാൻഡ്വാഷും സാനിറ്റൈസറും ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തും. ഒരു ലക്ഷത്തോളം മാസ്കുകൾനഗരത്തിൽവിതരണം ചെയ്യും. തട്ടുകടകളിൽ നിലവാരം ഇല്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നുണ്ടോ എന്നറിയാൻ പരിശോധന നടത്തും. ഇതിനായി ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തും. വൃത്തിഹീനമായി പ്രവർത്തിക്കുന്ന ചെറുകിട ഭക്ഷണ കേന്ദ്രങ്ങൾക്ക് എതിരെ നടപടിയുണ്ടാകുമെന്നും സൗമിനി ജയിൻ അറിയിച്ചു.